പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ എഎസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ.എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സജുമോനെയാണ് റൂറല്‍ എസ്‌പി സസ്‌പെൻഡ് ചെയ്‌തത്. സ്റ്റേഷൻ ഇൻസ്‌പെക്‌ടറുടെ പോലും അനുമതിയില്ലാതെയായിരുന്നു എഎസ്‌ഐ രഹസ്യമായി വാഹനം വിറ്റത്.

വാഹനാപകടത്തെത്തുടർന്ന് കഴിഞ്ഞ ഒമ്പത് മാസമായി മുളന്തുരുത്തി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് സജുമോൻ വിറ്റത്. ഇതിന്റെ പണവും ആക്രിക്കാരനില്‍ നിന്നും ഇയാള്‍ കൈപ്പറ്റി. വിവരം പുറത്തായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതേക്കുറിച്ച്‌ രഹസ്യാന്വേഷണം നടത്തി. ശേഷം റൂറല്‍ എസ്‌പിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം വിവാദമായതോടെ വിറ്റ ബൈക്ക് സ്റ്റേഷനില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച വാഹന ഉടമയുടെ ബന്ധുക്കളുടെ അറിവോടെയും പൂർണ സമ്മതത്തോടെയുമാണ് ബൈക്ക് വിറ്റതെന്നായിരുന്നു സജുമോൻ നല്‍കിയ വിശദീകരണം. എന്നാല്‍, കേസിലെ തൊണ്ടിമുതല്‍ സ്റ്റേഷന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ പുറത്തേക്ക് വില്‍ക്കാൻ പാടില്ലെന്നാണ് നിയമം. എഎസ്‌ഐയുടെ ഭാഗത്ത് ഗുരുതര വീഴ്‌ചയും നിയമലംഘനവും ഉണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക