നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു പ്രവർത്തകരെ മർദിച്ച സംഭവത്തില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി.പ്രതിപ്പട്ടികയിലുള്ള അഞ്ച് പോലീസുകാരെയും സർവീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തുകൊണ്ട് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) അടിയന്തര ഉത്തരവിറക്കി.

മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍ കല്ലിയൂർ, സുരക്ഷാ ജീവനക്കാരൻ എസ്. സന്ദീപ് എന്നിവർക്ക് പുറമെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വിപിൻ, ഷൈജു, അരുണ്‍ എന്നീ പോലീസുകാരാണ് നടപടി നേരിട്ടത്.അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച മർദനക്കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഡിജിപിയുടെ ഈ ശക്തമായ നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മർദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിലും തുടർന്ന് നടന്ന അന്വേഷണത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും നിയമലംഘനവും ഉണ്ടായതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സസ്‌പെൻഷൻ. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥർ സർവീസില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലും ആഭ്യന്തര വകുപ്പിനുണ്ടായിരുന്നു.

പ്രതികളായ അനില്‍ കല്ലിയൂരും സന്ദീപും അറസ്റ്റ് ഭയന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയില്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നതിനിടയിലാണ് ഡിജിപിയുടെ നിർണായക ഉത്തരവ് പുറത്തുവരുന്നത്. പ്രതികള്‍ക്കെതിരെ പുതിയ വകുപ്പുകള്‍ ചേർത്തുള്ള അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി എസ്‌ഐടിയോട് ഇന്ന് ആവശ്യപ്പെട്ടിരുന്നു. വകുപ്പുതല നടപടിയുടെ ഭാഗമായി അഞ്ച് സുരക്ഷാ ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തതോടെ കേസില്‍ വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കൂടുതല്‍ കർശനമായ നിയമനടപടികളിലേക്ക് എസ്‌ഐടി കടക്കുമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക