ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിറങ്ങിയ പൊലീസ് സംഘം മദ്യപിച്ച് വാഹനമോടിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ പ്രിയേഷ്, രാഹുല്‍, സുമൻ എന്നിവരെയാണ് സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്. ഇതില്‍ മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ പ്രിയേഷിനെതിരെ പൊലീസ് പ്രത്യേകമായി കേസെടുത്തിട്ടുമുണ്ട്. നിയമപാലകർ തന്നെ മദ്യപിച്ച് നിയമം ലംഘിച്ച് പൊതുനിരത്തില്‍ അപകടമുണ്ടാക്കാൻ ശ്രമിച്ചത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ജീപ്പ് തടഞ്ഞ് വനിതാ ഓട്ടോ ഡ്രൈവർ: 2026 ജൂലൈ ഏഴ് ചൊവ്വാഴ്ച വൈകീട്ടായിരുന്നു പത്തനംതിട്ട നഗരത്തെ മുള്‍മുനയിലാക്കിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൈലപ്ര ഭാഗത്തുനിന്ന് അമിതവേഗതയില്‍ വന്ന പൊലീസ് ജീപ്പ് പലയിടത്തും മറ്റ് വാഹനങ്ങളില്‍ ഇടിയ്ക്കാൻ പോയിരുന്നു. ഇതിനിടെയാണ് ഒരു വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷയിലും തട്ടാനൊരുങ്ങിയത്.
അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നിർത്താതെ പോയ ജീപ്പിനെ ഈ വനിതാ ഡ്രൈവർ ധൈര്യപൂർവ്വം പിന്തുടരുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപത്ത് റിങ് റോഡില്‍ വെച്ച് ഇവർ ജീപ്പ് തടഞ്ഞുനിർത്തി ഉദ്യോഗസ്ഥരുടെ അപകടകരമായ യാത്രയെ ചോദ്യം ചെയ്തു. സ്ത്രീയുടെ ധീരമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കാൻ കാരണമായത്.

















