ബാങ്കില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശിനിയായ അനുഷയെയാണ് ഡല്‍ഹിയില്‍ നിന്ന് അന്വേഷണസംഘം പിടികൂടിയത്. സ്വന്തം ഭർത്താവിനെപ്പോലും വർഷങ്ങളോളം ഇരുട്ടില്‍ നിർത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്.
2019 മുതല്‍ കോതമംഗലത്തെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞാണ് അനുഷ എല്ലാവരെയും വിശ്വസിപ്പിച്ചത്. ദിവസവും ജോലിക്ക് എന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങുന്നതായിരുന്നു ഇവരുടെ പതിവ്. ബാങ്കില്‍ സ്വർണ്ണം നിക്ഷേപിച്ചാല്‍ ഉയർന്ന പലിശ ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് ഇവർ പലരില്‍ നിന്നായി ആഭരണങ്ങള്‍ കൈക്കലാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ പ്രമോഷൻ ഇന്റർവ്യൂ എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനുഷ തിരിച്ചെത്താതിരുന്നതോടെയാണ് കള്ളത്തരങ്ങള്‍ പുറത്തായത്. അന്വേഷിച്ചെത്തിയ ഭർത്താവിനോട് അങ്ങനെയൊരു ജീവനക്കാരി അവിടെയില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കുകയായിരുന്നു.
വിദേശത്തായിരുന്ന ഭർത്താവ് അരുണ്‍ നാട്ടിലെത്തിയ ശേഷവും അനുഷ തട്ടിപ്പ് തുടർന്നിരുന്നു. നിക്ഷേപകർ സ്വർണ്ണം തിരികെ ചോദിച്ചു തുടങ്ങിയതോടെയാണ് ഇവർ ഡല്‍ഹിയിലേക്ക് കടന്നത്. ഡല്‍ഹിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മൊബൈല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് പിടികൂടുകയായിരുന്നു.

















