എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളില്‍ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകള്‍ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് ‘ജി ഫോം’ നല്‍കി.സാമ്പത്തിക നഷ്ടം മൂലമാണ് ബസുകള്‍ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല ഉടമകളും അത് ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കാൻ ജി ഫോമില്‍ ‘അറ്റകുറ്റപ്പണി’ എന്ന് കാണിച്ചതാണെന്നും പറയുന്നു. ചില ബസുടമകള്‍ക്ക് സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി എന്നും ആരോപണമുണ്ട്.
വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് താത്ക്കാലികമായി സർവീസ് നിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം. കെഎസ്‌ആർടിസിയുടെ ‘പ്രിയദർശിനി’ ഓർഡിനറി ബസുകള്‍ വഴി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകള്‍ക്ക് യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് ബസുടമകളുടെ പ്രധാന ആക്ഷേപം.
ദിവസ വരുമാനം എല്ലാ ചെലവും കഴിഞ്ഞാല്‍ 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉടമകള്‍ പറയുന്നു. ഇതോടെ സർവീസ് തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ വ്യക്തമാക്കുന്നു.

















