കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്കാണ് അറസ്റ്റ് തടഞ്ഞത്.മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് നടപടി. തുടര്‍ നടപടികള്‍ക്കായി ഫര്‍മാന് മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. പെണ്‍കുട്ടിയും ഫര്‍മാനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയിരുന്നു.

2026 മാർച്ച്‌ 11ന് തിരുവനന്തപുരത്ത് വെച്ചാണ് വൈറല്‍ പെണ്‍കുട്ടിയും നടൻ കൂടിയായ ഫർമാൻ ഖാനും വിവാഹിതരായത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്. പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി എന്നത് അടക്കം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ പെണ്‍കുട്ടിയും ഭർത്താവും ഹൈകോടതിയെ സമീപിച്ചത്. തനിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷെൻറ വോട്ടർ ഐഡി കാർഡ് അടക്കം തെളിവായുണ്ടെന്നും പെണ്‍കുട്ടി വാദിച്ചു. മധ്യപ്രദേശിലായിരുന്നുവെങ്കില്‍ ദുരഭിമാനക്കൊലക്ക് ഇരയാകുമായിരുന്നുവെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലായത് നിങ്ങളുടെ ഭാഗ്യമാണെന്ന് കോടതി പറയുകയും ചെയ്തു.

പെണ്‍കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയിരുന്നു. 16 വയസ് മാത്രമാണുള്ളതെന്നായിരുന്നു മധ്യപ്രദേശ് പൊലീസിന്‍റെ വാദം. വിവാഹം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികജാതി -വർഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ടെന്നും വാദിച്ചു. കേസ് രജിസ്റ്റർ ചെയ്തത് മധ്യപ്രദേശില്‍ ആയതിനാല്‍ കോടതിയെ സമീപിക്കേണ്ടതും അവിടെയാണെന്നും വാദത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിയമപരമായ പരിശോധന പൂർത്തിയാക്കിയാണ് ഹരജി തീർപ്പാക്കി ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധി പറഞ്ഞത്. വൈറല്‍ പെണ്‍കുട്ടിയും ഭർത്താവും മധ്യപ്രദേശ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക