മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാം പിണറായി സര്‍ക്കാരിനുമെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി.അശോക്. മാധ്യമങ്ങളോട് സംസാരിച്ചു എന്നാരോപിച്ചു സസ്‌പെന്‍ഷന്‍ നടപടി നേരിട്ടതിന് ശേഷം ഏഷ്യനെറ്റ് ന്യൂസ് ്ചാനലില്‍ വിനു വി ജോണ്‍ നയിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടാണ് ബി അശോക് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയേറെ പരാജയപ്പെട്ടതും ജനങ്ങളോട് നിസ്സംഗതയും ക്രൂരതയും കാണിച്ചതുമായ ഒരു ഭരണാധികാരിയെ മറ്റൊരു സര്‍ക്കാരിലും കണ്ടിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. 2024-ന് ശേഷം പിണറായി സര്‍ക്കാരിന്റെ പ്രഭാവം പൂര്‍ണ്ണമായും നശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് കാലത്തെ സോഷ്യല്‍ എന്‍ജിനീയറിംഗിലൂടെ നേടിയെടുത്ത ജനപിന്തുണയാണ് രണ്ടാം പിണറായി സര്‍ക്കാറിന് തുണയായി മാരിയത്. ആ ജനകീയത നിലനിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചില്ല. എല്‍ഡിഎഫിനുള്ളില്‍ പോലും സര്‍ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടു. ഇതിന്റെയെല്ലാം ഫലമാകും നാലാം തീയ്യതി പുറത്തുവരിക. പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ എല്ലാ ജനവിഭാഗങ്ങളിലും എല്‍ഡിഎഫിന് വിശ്വാസം നഷ്ടപ്പെട്ടു എന്ന വികാരമാണ് ഉണ്ടായിട്ടള്ളത്. മുഖ്യമന്ത്രിയുടെ പുതിയ കൂട്ടുകെട്ടുകളും നയംമാറ്റവും ന്യൂനപക്ഷങ്ങളുടെ വിശ്വാസം തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ പോയി മലപ്പുറത്തിനെതിരെ നടത്തിയ പ്രസ്താവന അടക്കം തിരിച്ചടിയാകും. ന്യൂനപക്ഷ വോട്ടുകള്‍ അകന്നു പോയി. ഇതോടെ ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള ശബരിമല വിഷയത്തിലെ നിലപാടുകളും അയ്യപ്പ സംഗമം പോലുള്ള നീക്കങ്ങളും തിരിച്ചടിയായി. ശബരിമല സ്വര്‍ണക്കൊള്ള അടക്കം വിശ്വാസികളോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പില്ല. തന്റഖെ സര്‍ക്കാറിന്റെ കാലത്ത് നടന്ന വിഷയത്തില്‍ ഒരു ക്ഷമാപണം പോലും അദ്ദേഹത്തില്‍ നിന്നും ഉണ്ടായില്ല.
സഹകരണ ബാങ്ക് കൊള്ളയും ഭരണപരമായ പരാജയങ്ങളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഈ സര്‍ക്കാറിന്റെ കാലത്ത് മെഡിക്കല്‍ വകുപ്പുകളിലും മറ്റുമായി 40,000 കോടി രൂപയുടെ കുടിശ്ശികയാണ് വരുത്തിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. ഇത്രയും കുടിശ്ശിക ഉണ്ടായിരിക്കേയാണ് നവകേരള സദസിന്റെ പേരില്‍ അടക്കം ധൂര്‍ത്തുണ്ടായതെന്നും അശോക് ചൂണ്ടിക്കാട്ടി.
നവകേരള സദസിന് പണം കണ്ടെത്താന്‍ വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെയും അദ്ദേഹം കണക്കിന് പരിഹസിച്ചു. ക്വാറി-മയക്കുമരുന്ന് മാഫിയകളില്‍ നിന്ന് പണം പിരിച്ചാണ് മന്ത്രിമാര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ഉത്തരവിട്ടത്. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച് ബസ്സോടിച്ചു പോയത് ഭരണ പരാജയത്തിന്റെ ഉദാഹരണമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാറിന്റെ മുഖം മിനുക്കാന്‍ വേണ്ടിയും കിഫ്ബിയുടെ പരസ്യങ്ങള്‍ക്കുമായി കോടികള്‍ ചെലവാക്കി. ഇത് ഉളുപ്പില്ലായ്മയാണെന്ന് അദ്ദേഹം പരിഹസിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ടായ തിരിച്ചടിയില്‍ നിന്നും ഈ സര്‍ക്കാര്‍ പാഠംപഠിച്ചില്ല. ജനങ്ങളെ പൂര്‍ണ്ണമായും തിരസ്‌കരിക്കുന്ന ഈ ശൈലി എല്‍ഡിഎഫിനെ വലിയ അപകടത്തിലേക്ക് നയിക്കും. നാലാം തീയ്യതി ഫലം വന്നതിന് ശേഷം ഇടതു മുന്നണിയിലല്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും അശോക് പറഞ്ഞു.

















