നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എന്‍. വാസവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീഴുകയും കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള ഘടകകക്ഷികള്‍ കൂട്ടത്തോടെ പരാജയപ്പെടുകയും ചെയ്ത കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് പുതിയ നാണക്കേട്. കേരള സര്‍വകലാശാലാ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ പ്രഖ്യാപിച്ച സംസ്ഥാനവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയത്ത് നടത്താനിരുന്ന എസ്പി ഓഫീസ് മാര്‍ച്ച് ആളില്ലാത്തതിനെ തുടര്‍ന്ന് നാടകീയമായി മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന സിപിഎം നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് വിദ്യാര്‍ത്ഥി സംഘടനയുടെ ഈ വലിയ വീഴ്ച.
സംഭവത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും എസ്‌എഫ്‌ഐ ഭാരവാഹികളെ രൂക്ഷമായി ശാസിച്ചു. രാവിലെ 11 മണിക്ക് കോട്ടയം എസ്പി ഓഫീസിലേക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ചാണ് പ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് എസ്പി ഓഫീസിന് മുന്നില്‍ വലിയ സുരക്ഷയൊരുക്കുകയും ശക്തമായ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഏകദേശം രണ്ടര മണിക്കൂറോളമാണ് ബാരിക്കേഡ് കെട്ടി റോഡ് ബ്ലോക്ക് ചെയ്തത്.
എന്നാല്‍ സമരം നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും വിരലിലെണ്ണക്കാവുന്ന നേതാക്കള്‍ മാത്രമാണ് സ്ഥലത്തെത്തിയത്. ഒടുവില്‍ സമരം മാറ്റിവെച്ചതായി അറിയിച്ചതോടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ അഴിച്ച് മാറ്റുകയായിരുന്നു. മാര്‍ച്ച് ഉച്ചയ്ക്ക് ശേഷം നടത്തിയേക്കുമെന്ന് എസ്‌എഫ്‌ഐ ജില്ലാ നേതൃത്വം ന്യായീകരിക്കുന്നുണ്ടെങ്കിലും നാണക്കേട് മറയ്ക്കാനുള്ള തന്ത്രമായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഇതിനെ കാണുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിരുന്നു. മന്ത്രിയായിരുന്ന വി.എന്‍. വാസവന്‍ പോലും പരാജയപ്പെടുകയും ഇടതുമുന്നണിക്കായി മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ തോല്‍ക്കുകയും ചെയ്ത കോട്ടയത്ത്, പാര്‍ട്ടിക്ക് ഇപ്പോഴും ജനകീയ അടിത്തറയുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ടായിരുന്നു.
ഈ ഘട്ടത്തിലാണ് ഒരു ജില്ലാതല പ്രതിഷേധ മാര്‍ച്ചിന് പോലും ആളുകളെ തികയ്ക്കാന്‍ കഴിയാതെ എസ്‌എഫ്‌ഐ നേതൃത്വം കെട്ടുറപ്പില്ലായ്മ പ്രദര്‍ശിപ്പിച്ചത്. ഇത് പാര്‍ട്ടിയുടെ യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെ നിര്‍ജ്ജീവമായ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് സി.പി.എം വിലയിരുത്തുന്നു. കോട്ടയത്തുണ്ടായ ഈ സംഘടനാ വീഴ്ചയില്‍ സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ കടുത്ത കലിപ്പിലാണ്.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ അവലോകനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ വീണ്ടും പരിഹാസ്യമാക്കിയതിന് എസ്‌എഫ്‌ഐ ജില്ലാ നേതൃത്വത്തിന് നേരെ കടുത്ത ശാസനയാണ് ഉയര്‍ന്നിരിക്കുന്നത്. അച്ചടക്കമുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് എങ്ങനെയാണ് സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച ഒരു സമരത്തില്‍ ഇത്രയും വലിയ ജാഗ്രതക്കുറവ് ഉണ്ടാകുകയെന്ന് പാര്‍ട്ടി നേതൃത്വം ചോദിക്കുന്നു. വരും ദിവസങ്ങളില്‍ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍ വലിയ അഴിച്ചുപണികള്‍ക്കും ഈ സംഭവം കാരണമായേക്കും.

















