കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആർ.എല്‍) കമ്പനിയുടെ ഉദ്യോഗസ്ഥരും നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ ബോധിപ്പിക്കാനും രേഖകള്‍ ഹാജരാക്കാനും മാത്രമാണ് ഇ.ഡിയുടെ സമൻസില്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാനാകും.
സി.എം.ആർ.എല്‍ കമ്പനി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്, ഇല്ലാത്ത സേവനത്തിന് 1.72 കോടി രൂപ നല്‍കിയെന്ന ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോർഡിന്റെ കണ്ടെത്തലാണ് സമൻസിന് ആധാരം. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ അയയ്‌ക്കുന്ന സമൻസിനെതിരെ ഹർജി നല്‍കുന്നത് അകാലത്തിലുള്ള നടപടിയാണെന്ന് ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി.കമ്പനിക്ക് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോർഡിന്റെ ഇളവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ഇ.ഡിയുടെ അന്വേഷണം നിലനില്‍ക്കില്ലെന്ന് ഹർജിക്കാർ വാദിച്ചിരുന്നു.
ഇളവുകള്‍ കള്ളപ്പണക്കേസിലെ അന്വേഷണത്തിന് തടസമല്ലെന്ന് കോടതി വ്യക്തമാക്കി. പി.എം.എല്‍.എ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ആദായനികുതി സെറ്റില്‍മെന്റ് ബോർഡിന്റെ പരിധിയില്‍ വരുന്നതല്ല. അതിനാല്‍ ആദായനികുതി വകുപ്പില്‍ നിന്ന് ലഭിച്ച ആനുകൂല്യം ഇ.ഡി നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ എഫ്.ഐ.ആർ ഇല്ലാതെ അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
ഹർജി പരിഗണനയിലിരിക്കെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം തുടങ്ങിയിരുന്നു. രണ്ട് കേന്ദ്ര ഏജൻസികള്‍ സമാന്തരമായി അന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ ഒരു വാദം. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഈ വാദവും കോടതി അംഗീകരിച്ചില്ല.

















