സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു. കേപ്പ്, ഐ.എച്ച്‌.ആർ.ഡി ഫീസ് വർധനയ്‌ക്കെതിരെ എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബ്ലേഡ് ഉപയോഗിച്ച്‌ പൊലീസിനെ ആക്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

മാർച്ചിനിടെ സംഘർഷം രൂക്ഷമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി എം. എ. നന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കലാപമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്. പ്രകടനം തടയാൻ പൊലീസ് കെട്ടിയ വടം ബ്ളേഡുപയോഗിച്ച്‌ മുറിക്കാൻ ശ്രമിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്ലേഡ് ഉപയോഗിച്ച്‌ ആക്രമിച്ചെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. പൊലീസിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം, പൊലീസാണ് ബ്ളേഡുകൊണ്ട് ആക്രമണം നടത്തിയതെന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിക്കുന്നത്. സംഘർഷമുണ്ടായ സ്ഥലത്തുനിന്ന് ബ്ലേഡുകള്‍ കണ്ടെത്തിയിരുന്നു.

ജൂണ്‍ 24ന് ഉച്ചയ്‌ക്ക് 12.30ഓടെയാണ് യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് നിന്ന് എസ്.എഫ്.ഐയുടെ മാർച്ച്‌ ആരംഭിച്ചത്. സമരഗേറ്റിന് മുന്നിലെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാതെ ബാരിക്കേഡ് മാറ്റാൻ വീണ്ടും ശ്രമിച്ചതോടെ രണ്ടാംതവണ ജലപീരങ്കി പ്രയോഗിച്ചു.

ഇതിനിടെ പൊലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മില്‍ വാക്കേറ്റവും സംഘർഷവും ഉണ്ടായി. സംഭവത്തിന് പിന്നാലെ ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയും പൊലീസും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി.

ആക്രമണത്തില്‍ ഇരുപതോളം പ്രവർത്തകർക്ക് പരിക്കേറ്റതായി എസ്.എഫ്.ഐ ആരോപിച്ചു. ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വനിതാ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക