ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിനെ വിമര്‍ശിച്ച എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന് മറുപടിയുമായി കെ.പി ശശികല. ഇന്നലെയാണ് കെ.പി ശശികലയുടെയും ആര്‍.വി ബാബുവിന്റെയും നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടത്. ഇതില്‍ വിമര്‍ശനം ഉന്നയിച്ച എം ശിവപ്രസാദിനെതിരെയാണ് കെ പി ശശികല രംഗത്ത് വന്നത്.
‘മദനിയെക്കാത്ത് മോന്റപ്പൂപ്പന്മാര്‍ വേദിയില്‍ തൊഴുതിരുന്നപ്പോള്‍ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല. മോന്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ’ എന്നാണ് ശശികല ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞത്. ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത ആ മരുന്ന് ഇവിടെയും മോന് കൃത്യമായി കിട്ടും. അതോടെ മോന്റെ അസുഖം പൂര്‍ണ്ണമായും മാറും എന്നും പോസ്റ്റില്‍ പരിഹസിക്കുന്നു.
‘മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങള്‍ക്ക് പിടികിട്ടി. മദനിയെക്കാത്ത് മോന്റപ്പൂപ്പന്മാര്‍ വേദിയില്‍ തൊഴുതിരുന്നപ്പോള്‍ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല. മദനിയുടെ ഫ്‌ലക്‌സ് സഖാക്കളുടെ തലയില്‍ കയറ്റി വെച്ചപ്പോഴും മോന് വിഷമം ഉണ്ടായിരുന്നില്ല. മോനുള്ള മരുന്ന് ഈ സമൂഹം തരും. ഇത്തിരി വൈകിയാലും തരും. മോന്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ’ -ശശികല പോസ്റ്റില്‍ പറയുന്നു.
വര്‍ഗീയത പറയുന്നവര്‍ക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വി.ഡി സതീശന്‍ ഇന്ന് കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന വര്‍ഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേര്‍ത്ത് നിര്‍ത്തി പാലൂട്ടുകയാണെന്നായിരുന്നു എം. ശിവപ്രസാദിന്റെ വിമര്‍ശനം. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദിക്ക് കയ്യടിച്ച ലീഗുകാരും കോണ്‍ഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കുമെന്നും ശിവപ്രസാദ് പരിഹസിച്ചിരുന്നു.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദു നേതൃ സമ്മേളനത്തില്‍ സംഘടന നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങളടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി. ഉന്നയിക്കപ്പെട്ട ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ആര്‍.വി ബാബു പറഞ്ഞു. കെ.പി ശശികല, സുബ്രഹ്‌മണ്യന്‍ മൂസ്സത്, മോഹന്‍ ത്രിവേണി, പ്രൊഫ. ഗോപിനാഥന്‍, കെ.വി ശിവന്‍, സുശികുമാര്‍, കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മോനേ ശിവകുമാരാ
മോന്റെ അസുഖം ഞങ്ങള്‍ക്ക് പിടികിട്ടി!
മദനിയെക്കാത്ത് മോന്റപ്പുപ്പന്മാര്‍ വേദിയില്‍ തൊഴുതിരുന്നപ്പോള്‍ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല!
മദനിയുടെ ഫ്‌ലക്‌സ് സഖാക്കളുടെ തലയില്‍ കയറ്റി വെച്ചപ്പോഴും മോന് വിഷമം ഉണ്ടായിരുന്നില്ല.
കാന്തപുരത്തെയും പാണക്കാടിനേയും സര്‍വ്വമാന സമസ്തകളെയും കേരള രാഷ്ട്രീയം കെട്ടിപ്പിടിച്ചപ്പോള്‍ മോന്‍ ഇങ്ക് കുറുക്ക് കഴിക്കുകയായിരുന്നു.
മോന്റെ നേതാവ് കൊടിയേരി കാന്തപുരത്തിന്റെ കക്കൂസ് വെള്ളം കയ്യില്‍ വാങ്ങി മുഖം കഴുകിയപ്പോള്‍ മോന്‍ തൊട്ടിയില്‍ ചാച്ചുകയായിരുന്നു.
140 എംഎല്‍എമാരും കൂടി ഒരു കൊടും തീവ്രവാദിക്കായി പ്രമേയം പാസാക്കിയപ്പോള്‍ മോന്‍ വണ്ടി ഉരുട്ടി കളിക്കുകയായിരുന്നു.
അതുകൊണ്ട് മോനുള്ള മരുന്ന് ഈ സമൂഹം തരും
ഇത്തിരി വൈകിയാലും തരും.
ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത ആ മരുന്ന് ഇവിടെയും മോന് കൃത്യമായി കിട്ടും .
അതോടെ മോന്റെ അസുഖം പൂര്‍ണ്ണമായും മാറും
പിന്നെ ഒരു കാര്യം കൂടി
മോന്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ

















