കോട്ടയത്തെ സ്പാകളിൽ നിന്ന് കൂട്ട പണ പിരിവ് നടത്തുന്ന ഡിവൈഎസ്പി കെ എസ് അരുണിന്റെ കഥകൾ കേരളാ സ്പീക്ക്സ് പുറത്തു വിട്ടിരുന്നു. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളിൽ സെറ്റിൽമെൻ്റ് ഇടപാടുകൾ നടത്തുന്നത് കൂടാതെ ഇയാൾ ഇവിടങ്ങളിൽ നിന്ന് കൈക്കൂലി പണം മാസപടിയായും പറ്റിയിരുന്നു. ഇത്തരത്തിൽ പണപ്പിരിവ് നടത്തുവാൻ അരുൺ നിയോഗിച്ചിരുന്നത് തന്റെ ഡ്രൈവറായ പോലീസ് ഉദ്യോഗസ്ഥനെ ആയിരുന്നു. ഇയാൾ യാതൊരു മടിയും കൂടാതെ തന്റെ കർത്തവ്യം നിർവഹിച്ചും പോന്നിരുന്നു.
എന്നാൽ കോട്ടയത്തെ പെൺവാണിഭ കേന്ദ്രങ്ങളായ സ്പാകളിൽ നിന്ന് നടക്കുന്ന മാസപ്പിരിവ് വിഷയം മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കങ്ങൾ ഉണ്ടായി. എന്നാൽ കോട്ടയത്തെ സിപിഎം നേതാക്കളുടെ സകല തോന്ന്യാസത്തിനും കൂട്ടുനിന്നിരുന്ന അരുണിനെ പാർട്ടി സംരക്ഷിക്കുകയായിരുന്നു. പക്ഷേ ഈ സംഭവത്തിൽ ബലിയാടാക്കപ്പെട്ടത് പണപ്പിരിവിനു പോയിരുന്ന പോലീസ് ഡ്രൈവറാണ്. ഡിവൈഎസ്പിയുടെ ഡ്രൈവറായിരുന്ന ഇയാളെ അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരം റൂറലിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊണ്ടാണ് ആരോപണത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചത്.
താൻ അഴിമതി കേസിൽ പെടാതിരിക്കാൻ ഡ്രൈവറെ ബലികൊടുത്ത ഈ ഉദ്യോഗസ്ഥൻ ഇപ്പോഴും അഴിമതി യഥേഷ്ടം തുടരുകയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിയമപാലനവും ക്രമസമാധാനവും ഉറപ്പുവരുത്തേണ്ട പോലീസ് ഉദ്യോഗസ്ഥൻ പെൺവാണി പ്രസ്താനങ്ങളിൽ നിന്ന് മാസപ്പടി കൈപ്പറ്റി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നതിനെപ്പറ്റി കൃത്യമായ വിവരമുണ്ടായിട്ടും മേലധികാരികൾക്ക് നടപടിയെടുക്കുവാൻ കഴിയാതിരുന്നത് രാഷ്ട്രീയ നേതൃത്വം നൽകിയ സംരക്ഷണം മൂലമാണ്. രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുവാൻ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരെ തെരുവുകളിൽ ചവിട്ടി അരയ്ക്കുകയും, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും, ക്രിമിനൽ സംഘങ്ങളിൽ നിന്നും കൈക്കൂലി പണം കൈപ്പറ്റി കാക്കിയെ നാറ്റിക്കുന്ന ഇത്തരക്കാർക്കെതിരെ കൃത്യമായ അന്വേഷണവും അനുയോജ്യമായ നടപടികളും സ്വീകരിച്ചില്ല എങ്കിൽ കേരള പോലീസിന് തന്നെ ഇത് അപമാനമായി മാറും എന്ന കാര്യത്തിലും തർക്കം വേണ്ട.

















