തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുപിന്നാലെ സ്‌കൂളുകള്‍ക്ക് സമീപമുള്ള മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട സി ജോസഫ് വിജയ്‌ക്ക് പ്രശംസയുമായി നടൻ വിശാല്‍ രംഗത്തെത്തി.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിശാല്‍ തന്റെ അഭിനന്ദനങ്ങളറിയിച്ചത്. കോളേജ് കാലം മുതല്‍തന്നെ വിജയുമായി അടുത്ത ബന്ധം പിന്തുടരുന്ന സുഹൃത്താണ് വിശാല്‍.

സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവയുടെ 500 മീറ്ററിനുള്ളിലെ 717 മദ്യശാലകള്‍ അടച്ചുപൂട്ടുമെന്നാണ് വിജയ് ഉത്തരവിട്ടത്. ചെന്നൈയിലെ ജവഹർലാല്‍ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുപിന്നാലെയാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നിങ്ങള്‍ക്കായാണ് അഭിനന്ദനങ്ങളും വിസിലുകളും ഉയരുന്നത്. പ്രിയപ്പെട്ട മുഖ്യമന്ത്രി ജോസഫ് വിജയ്, 717 വൈൻ ഷോപ്പുകള്‍, പ്രത്യേകിച്ച്‌ സ്കൂളുകള്‍ക്ക് സമീപമുള്ളവ അടച്ചുപൂട്ടാനുള്ള പ്രഖ്യാപനത്തിന് നന്ദി. എന്ത് മികച്ചൊരു നടപടിയാണിത്’- വിജയ്‌ക്ക് പ്രശംസകളറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തിനൊപ്പം വിശാല്‍ കുറിച്ചു. സ്കൂളുകള്‍ക്ക് സമീപമുള്ള ടാസ്മാക് സ്റ്റോറുകള്‍ കാരണം നിരവധി പെണ്‍കുട്ടികള്‍ ദുരനുഭവം നേരിടുന്നുണ്ടെന്നും വിശാല്‍ പറഞ്ഞു. വിജയ്‌ക്കും അദ്ദേഹത്തിന്റെ സർക്കാരിനും സല്യൂട്ട് നല്‍കുന്നതായും അദ്ദേഹം തന്റെ പോസ്റ്റില്‍ കൂട്ടിച്ചേർത്തു.

ഒരാഴ്ചയോളം നീണ്ടുനിന്ന നാടകീയതയ്ക്ക് ശേഷം, ടിവികെയുടെ നേതാവായ വിജയ് ഒടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. സംസ്ഥാനത്തെ 234 സീറ്റുകളില്‍ 108 സീറ്റുകള്‍ നേടിയെടുത്തുകൊണ്ടാണ് ടിവികെ ചരിത്രമെഴുതിയത്. എന്നാല്‍ ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കുറവായതിനാല്‍ വിജയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. കോണ്‍ഗ്രസ്, രണ്ട് ഇടതുപക്ഷ പാർട്ടികള്‍, ചെറിയ തമിഴ് പാർട്ടിയായ വിടുതലൈ ചിരുതൈഗല്‍ കച്ചി എന്നിവയുടെ പിന്തുണയോടെയാണ് ഒടുവില്‍ ടിവികെ അധികാരത്തിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക