കഴിഞ്ഞ മൂന്ന് സർക്കാരുകളിലായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് പേരും ഇക്കുറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് ഇക്കുറി ആറന്മുളയില്‍ മൂന്നാം അങ്കത്തില്‍ പരാജയപ്പെട്ടപ്പോള്‍, മണ്ഡലം മാറി മത്സരിച്ച കെകെ ശൈലജ പേരാവൂരിലും തോറ്റു. കഴിഞ്ഞ രണ്ട് തവണത്തെ പരാജയത്തില്‍ നിന്ന് രക്ഷ നേടി അരുവിക്കരയില്‍ ജനവിധി തേടിയ വിഎസ് ശിവകുമാറിന് ശക്തമായ മത്സരം കാഴ്ചവെക്കാനായെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.
അരുവിക്കരയില്‍ സിപിഎം സ്ഥാനാർത്ഥി അഡ്വ.ജി സ്റ്റീഫനാണ് വിജയിച്ചത്. 2843 വോട്ട് ഭൂരിപക്ഷത്തിനാണ് സിറ്റിങ് സീറ്റ് നിലനിർത്തിയത്. മണ്ഡലത്തില്‍ 59064 വോട്ട് മാത്രമാണ് വിഎസ് ശിവകുമാറിന് നേടാനായത്. ശിവകുമാറിൻ്റെ രണ്ട് അപരന്മാർ 421 വോട്ട് നേടി.ആറന്മുളയില്‍ വീണ ജോർജിനെ സിറ്റിങ് സീറ്റില്‍ മലർത്തിയടിച്ചാണ് അബിൻ വർക്കി വൻ വിജയം നേടിയത്. 18985 വോട്ട് ഭൂരിപക്ഷത്തിലാണ് അബിൻ്റെ വിജയം.
പേരാവൂരില്‍ മൂവായിരം വോട്ടിനെങ്കിലും ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെകെ ശൈലജ. എന്നാല്‍ 14453 വോട്ട് ഭൂരിപക്ഷത്തില്‍ മണ്ഡലം കെപിസിസി പ്രസിഡൻ്റ് അഡ്വ.സണ്ണി ജോസഫ് നിലനിർത്തി. മട്ടന്നൂരില്‍ കഴിഞ്ഞ തവണ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ച കെകെ ശൈലജയ്ക്ക് ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം വലിയ ക്ഷീണമായി.





