തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഭരണത്തില്‍ സുതാര്യത ഉറപ്പാക്കിക്കൊണ്ട് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.തമിഴ്‌നാട് നേരിടുന്ന 10 ലക്ഷം കോടിയിലധികം രൂപയുടെ കടബാധ്യത പരസ്യമായി ജനങ്ങളോട് തുറന്നുപറയുമെന്നും ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് വിജയ് ഭരണം ആരംഭിച്ചത്. ഈ സുതാര്യത ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ ഖജനാവിന് വൻ ലാഭമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്.
അധികാരമേറ്റ് വെറും ഒരു മാസത്തിനുള്ളില്‍ തന്നെ പൊതുമരാമത്ത് പോലുള്ള വലിയ തുക ചെലവഴിക്കുന്ന മേഖലകളില്‍ ഈ മാറ്റം ദൃശ്യമായിത്തുടങ്ങി. മുൻപ് നിലനിന്നിരുന്ന മുൻകൂട്ടി നിശ്ചയിച്ചതോ അല്ലെങ്കില്‍ പരിമിതപ്പെടുത്തിയതോ ആയ ടെൻഡർ രീതികള്‍ അവസാനിപ്പിച്ച്, എല്ലാ സിവിക് കരാറുകളും ഓപ്പണ്‍ കോമ്പറ്റിറ്റീവ് ബിഡ്ഡിംഗിലേക്ക് (തുറന്ന മത്സര ടെൻഡർ) മാറ്റാൻ വിജയ് ഉത്തരവിട്ടിരുന്നു. കരാറുകള്‍ക്ക് പിന്നിലെ അഴിമതിയും കമ്മീഷൻ സംസ്കാരവും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം .
പാതിവിലയ്ക്ക് കരാറുകള്‍; ഖജനാവിന് വൻ ലാഭം
‘ദി ടൈംസ് ഓഫ് ഇന്ത്യ’ ജൂണ്‍ 28ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ചെന്നൈ കോർപ്പറേഷൻ പരിധിയിലെ റോഡ് പുനരുദ്ധാരണ ജോലികള്‍ക്കായി കരാറുകാർ സമർപ്പിച്ച ടെൻഡർ തുകകള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ കുറവാണ്. മുൻകാലങ്ങളില്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ ഉയർന്ന തുകയ്ക്കാണ് കരാറുകള്‍ നല്‍കിയിരുന്നത് എന്ന സ്ഥാനത്താണിത്.
അമ്പത്തൂർ മേഖലയില്‍ 25 ലക്ഷം രൂപ കണക്കാക്കിയ ഒരു റോഡ് നിർമ്മാണ പ്രോജക്റ്റിനായി 9 കരാറുകാർ പങ്കെടുത്തു. ഇതില്‍ വിജയിച്ച കരാറുകാരൻ ഔദ്യോഗിക കണക്കിനേക്കാള്‍ 25.9 ശതമാനം കുറഞ്ഞ തുകയാണ് രേഖപ്പെടുത്തിയത്. അതായത് 25 ലക്ഷത്തിന്‍റെ പ്രോജക്റ്റ് വെറും 17 ലക്ഷം രൂപയ്ക്ക് നടപ്പിലാക്കാൻ സാധിച്ചു. ഒരൊറ്റ ടെൻഡറിലൂടെ മാത്രം കോർപ്പറേഷന് 9 ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞു. തൊണ്ടിയാർപേട്ടില്‍ 30 ലക്ഷത്തിന്റെ പ്രോജക്റ്റിന് 25 ശതമാനം കുറഞ്ഞ തുകയിലും, ഷോളിംഗനല്ലൂരില്‍ കണക്കാക്കിയ തുകയേക്കാള്‍ 36 ശതമാനം വരെ കുറഞ്ഞ നിരക്കിലുമാണ് കരാറുകാർ ടെൻഡർ വിളിച്ചത്.
മുൻ സർക്കാരുകളുടെ അഴിമതി
മുൻ സർക്കാരുകളുടെ കാലത്ത് പ്രോജക്റ്റുകളുടെ ബജറ്റ് എത്രത്തോളം വർദ്ധിപ്പിച്ചാണ് കാണിച്ചിരുന്നത് എന്ന് ഈ മാറ്റം വ്യക്തമാക്കുന്നുവെന്ന് ചെന്നൈ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് രാമറാവു പറഞ്ഞു. മുൻപ് 25 ലക്ഷത്തിന്‍റെ ടെൻഡർ 27.5 ലക്ഷത്തിനാണ് കരാറുകാർ എടുത്തിരുന്നതെങ്കില്‍, ഇന്ന് അതേ ജോലി 16 ലക്ഷം രൂപയ്ക്ക് ചെയ്യാൻ അവർ തയ്യാറാകുന്നു. മുൻപ് എങ്ങനെയാണ് 35-40 ശതമാനം തുക അധികമായി കണക്കാക്കാൻ ഉദ്യോഗസ്ഥർ അനുവാദം നല്‍കിയത് എന്ന് ചോദ്യം ചെയ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട് പൊതുമരാമത്ത്-കായിക വികസന മന്ത്രി ആധവ് അർജുനയും മുൻ സർക്കാരുകള്‍ക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുൻ ഭരണകാലത്ത് കരാറുകള്‍ നല്‍കുന്നതില്‍ ആസൂത്രിതമായ ചട്ടലംഘനങ്ങളും കൈക്കൂലിയും നടന്നിട്ടുണ്ടെന്നും, പല കോണ്‍ട്രാക്ടർമാരില്‍ നിന്നും പണം വാങ്ങി ഒടുവില്‍ ജോലി നല്‍കാതെ വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു. വിജയ് സർക്കാരില്‍ കരാറുകാരില്‍ നിന്ന് കമ്മീഷനോ കൈക്കൂലിയോ വാങ്ങില്ലെന്നും ഹൈവേ കരാറുകള്‍ പൂർണ്ണമായും സുതാര്യമായിരിക്കുമെന്നും അദ്ദേഹം ജൂണ്‍ 6-ന് തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയ്ക്ക് തന്നെ മാതൃകയെന്ന് വിദഗ്ദ്ധർ
വിജയ് സർക്കാരിന്‍റെ ഈ അഴിമതി വിരുദ്ധ നീക്കങ്ങള്‍ തമിഴ്‌നാട്ടില്‍ വലിയ ചർച്ചയായിരിക്കുകയാണ്. മുൻപ് നിലനിന്നിരുന്ന 40 ശതമാനം കമ്മീഷൻ സംസ്കാരം ഇല്ലാതാക്കാൻ വിജയ്ക്ക് സാധിച്ചാല്‍ അത് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഒരു പുതിയ മാതൃകയായി മാറുമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ വെങ്കിടേശ്വര റാവു പടകോട അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ പണം വാങ്ങാതെ വോട്ട് ചെയ്തതിന്റെ ഗുണമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
സ്വകാര്യ വ്യക്തികളുടെ പോക്കറ്റുകളിലേക്ക് പണം പോകാത്തതുകൊണ്ടാണ് കരാറുകാർ ഇപ്പോള്‍ 25-30 ശതമാനം കുറഞ്ഞ തുകയ്ക്ക് ടെൻഡർ വിളിക്കാൻ തയ്യാറാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ മുതുകൃഷ്ണൻ ദണ്ഡപാണി ചൂണ്ടിക്കാട്ടി. അഴിമതി വിരുദ്ധ പ്രവർത്തനങ്ങള്‍, ലഹരിവിരുദ്ധ കാമ്പെയ്നുകള്‍, സ്ത്രീ സുരക്ഷ എന്നിവയിലൂടെ വിജയ് തമിഴ്‌നാട് ഭരണത്തില്‍ തികച്ചും പുതിയൊരു മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജോർജ്ജ് വിലയിരുത്തി.
കുറഞ്ഞ തുകയ്ക്ക് കരാറുകള്‍ നല്‍കുമ്പോഴും നിർമ്മാണത്തിന്റെ ഗുണനിലവാരം ചോർന്നുപോകാതെ കൃത്യസമയത്ത് പൂർത്തിയാക്കുക എന്നതാണ് വിജയ് സർക്കാരിന് മുന്നിലുള്ള അടുത്ത പ്രധാന വെല്ലുവിളി. എങ്കിലും, ഭരണത്തിന്റെ ആദ്യ മാസത്തില്‍ തന്നെ സുതാര്യമായ ടെൻഡർ പ്രക്രിയയിലൂടെ കോടികളുടെ പൊതുപണം ലാഭിക്കാൻ കഴിഞ്ഞത് വിജയ് സർക്കാരിന്റെ വലിയൊരു വിജയമായി വിലയിരുത്തപ്പെടുന്നു.

















