പൂർണഗർഭിണിയായ യുവതിക്ക് വേദിയില്‍ നിന്ന് ഇറങ്ങിച്ചെന്ന് നിയമന ഉത്തരവ് നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്.പൂർണഗർഭിണിയായ ഒരു യുവതിക്ക് വേണ്ടി പ്രോട്ടോക്കോള്‍ ലംഘിച്ച് വേദിയില്‍ നിന്ന് താഴെയിറങ്ങുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ വീഡിയോ തമിഴകത്തെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഉദ്യോഗാർഥികള്‍ക്ക് സർക്കാർ ജോലിയുടെ അപ്പോയിന്റ്‌മെന്റ് ലെറ്റർ കൈമാറുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. വിജയ് ചെയ്തതിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.
ചെന്നൈയിലെ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. തമിഴ്‌നാട് സർക്കാരിന്റെ വിവിധ തസ്തികകളിലേക്കുള്ള 401 പേർക്കാണ് ഇന്ന് നിയമന ഉത്തരവ് കൈമാറിയത്. വേദിയിലെത്തി ഉത്തരവ് കൈപ്പറ്റുന്നതിനായി അക്ഷയലക്ഷ്മിയുടെ പേര് വിളിച്ചപ്പോഴാണ് അവർ ഗർഭിണിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കിയത്. ഉടൻതന്നെ, അവരെ വേദിയിലേക്ക് വിളിക്കേണ്ടെന്നും താൻ അവരുടെ അടുത്തേക്ക് പൊയ്‌ക്കൊള്ളാമെന്നും വിജയ് തീരുമാനിക്കുകയായിരുന്നു.
വേദിയില്‍ നിന്ന് പടികളിറങ്ങി സദസ്സിലെത്തിയ വിജയ്, അക്ഷയാ ലക്ഷ്മിക്ക് അപ്പോയിന്റ് ലെറ്റർ കൈമാറുകയായിരുന്നു. അക്ഷയയ്ക്ക് എല്ലാവിധ ആശംസകളും നേർന്ന വിജയ്, സുരക്ഷിതമായി കുഞ്ഞിന് ജന്മം നല്‍കാൻ കഴിയട്ടെയെന്നും ആശംസിച്ചു. വലിയ കൈയടിയാണ് വിജയ്‌യുടെ പ്രവൃത്തിക്ക് സദസ്സില്‍ നിന്ന് ലഭിച്ചത്.

















