തമിഴ്‌നാട്ടില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി വിജയ് തീരുമാനിച്ചു.കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ വിജയുമായി ചര്‍ച്ച നടത്തിയിരുന്നു. പി ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വിജയുടെ തീരുമാനം. വിജയ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. അതിന് പുറമെയാണ് രാജ്യസഭാ സീറ്റ് കൂടി ലഭിച്ചിരിക്കുന്നത്.

ഈ മാസം 18നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. എട്ടാം തിയ്യതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് അനുവദിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ ജോസഫ് വിജയിയോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ ഒരു രാജ്യസഭാ സീറ്റാണ് ഒഴിവ് വന്നിട്ടുള്ളത്. അണ്ണാഡിഎംകെ നേതാവ് ഷണ്‍മുഖം രാജിവച്ചതിനെ തുടര്‍ന്നാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ഡിഎംകെ സഖ്യത്തിലായിരുന്നു തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നത്. ഈ വേളയില്‍ ഒരു രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് വിജയുടെ ടിവികെയുമായി സഖ്യമുണ്ടാക്കി. ഇപ്പോള്‍ ടിവികെയും ഒരു രാജ്യസഭാ സീറ്റ് അനുവദിക്കുകയാണ്. ഫലത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന് രണ്ട് രാജ്യസഭാ സീറ്റുകള്‍ ലഭിച്ചു.

118 അംഗങ്ങളുടെ പിന്തുണയാണ് തമിഴ്‌നാട് ഭരിക്കാന്‍ വിജയ്ക്ക് ആവശ്യമുണ്ടായിരുന്നത്. 107 അംഗങ്ങളുള്ള ടിവികെയെ പിന്തുണയ്ക്കാന്‍ അഞ്ച് അംഗങ്ങളുള്ള കോണ്‍ഗ്രസ് ആദ്യം തന്നെ രംഗത്തുവന്നു. ഈ സമയം ഇരുപാര്‍ട്ടി നേതാക്കളും അധികാരം പങ്കിടുന്ന വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രണ്ട് മന്ത്രി പദവി, ഒരു രാജ്യസഭാ സീറ്റ് എന്നിവയായിരുന്നു ധാരണ. ഇക്കാര്യം ഇപ്പോള്‍ വിജയ് അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പ്രവീണ്‍ ചക്രവര്‍ത്തി രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്നാണ് കരുതുന്നത്. ഇദ്ദേഹം വിജയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന വ്യക്തി കൂടിയാണ്. ടിവികെ-കോണ്‍ഗ്രസ് സഖ്യം തമിഴ്‌നാട്ടില്‍ സാധ്യമാകുന്നതിന് പ്രവീണ്‍ ചക്രവര്‍ത്തിയുടെ ഇടപെടല്‍ സഹായിച്ചിരുന്നു. ടിവികെയുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഗുണമേ ചെയ്യൂ എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

ഡിഎംകെയുമായി സഖ്യമുണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസിന് മന്ത്രിപദവി ലഭിച്ചിരുന്നില്ല. എന്നാല്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് ഡിഎംകെ നല്‍കിയിരുന്നു. എം ക്രിസ്റ്റഫര്‍ തിലക് കോണ്‍ഗ്രസ് എംപിയായി രാജ്യസഭയിലുണ്ട്. അതിന് പുറമെയാണ് രണ്ടാമത്തെ അംഗത്തെ ലഭിക്കുന്നത്. രാജ്യസഭയില്‍ പ്രതിപക്ഷ നേതൃപദവി നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാകണം. അതിന് സഹായിക്കുകയാണ് വിജയ് ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക