തമിഴ്നാട് രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തില്‍ നിന്ന് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) പുറത്തേക്കെന്ന് സൂചന.കോണ്‍ഗ്രസും ഇടതു പാർട്ടികളും മുസ്ലീം ലീഗും ഡിഎംകെ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെയാണ് എംഡിഎംകെയും സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നത്. പാർട്ടിയുടെ രണ്ട് എംഎല്‍എമാർ രാജിവെച്ച്‌ വിജയ് നയിക്കുന്ന ടിവികെയില്‍ ചേരുമെന്നാണ് റിപ്പോർട്ടുകള്‍.

സീർകാഴി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ആർ. സെന്തില്‍ സെല്‍വനും കടയനല്ലൂർ മണ്ഡലത്തിലെ ടി.എം. രാജേന്ദ്രനുമാണ് ടിവികെയില്‍ ചേരാനൊരുങ്ങുന്നത്. എംഡിഎംകെ സ്ഥാനാർഥികളായിരുന്നെങ്കിലും ഡിഎംകെ ചിഹ്നത്തിലാണ് ഇവർ മത്സരിച്ച്‌ വിജയിച്ചത്. അതിനാല്‍ നിയമസഭയില്‍ ഡിഎംകെ വിപ്പ് പാലിക്കേണ്ട ബാധ്യത ഇവർക്കുണ്ട്. രാജിവയ്ക്കാതെ പാർട്ടി മാറിയാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടേണ്ടിവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപകാലത്ത് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ നടന്ന പരിപാടിക്കിടെ എംഡിഎംകെ നേതാവ് വൈകോയുടെ മകനും എംപിയുമായ ദുരൈ വൈകോ, ടിവികെ നേതാവ് വിജയിനെ സ്വീകരിച്ചതും രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എംഎല്‍എമാർ രാജിവെച്ച്‌ പാർട്ടി മാറുന്നതിനെ അദ്ദേഹം അനുകൂലിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് എംഡിഎംകെയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായത്. അതേസമയം, ഡിഎംകെ തങ്ങളെ നിർബന്ധിച്ച്‌ സ്വന്തം ചിഹ്നത്തില്‍ മത്സരിപ്പിച്ചെന്ന ആരോപണം ആവർത്തിച്ച്‌ വൈകോ രംഗത്തെത്തിയതും സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.

അതിനിടെ, പാർട്ടി സംവിധാനത്തില്‍ വലിയ അഴിച്ചുപണിക്ക് ഡിഎംകെ നേതൃത്വം തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്. നിലവിലെ ജില്ലാ ഘടന പുനഃസംഘടിപ്പിച്ച്‌ രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഒരു ജില്ലാ സെക്രട്ടറി എന്ന രീതിയിലേക്ക് മാറ്റാനാണ് ആലോചന. ഇതോടെ ജില്ലാ സെക്രട്ടറിമാരുടെ എണ്ണം വർധിക്കും.

യുവാക്കളെ കൂടുതല്‍ ആകർഷിക്കുന്നതിനായി പ്രത്യേക യുവജന ജില്ലാ സെക്രട്ടറിമാരെയും നിയമിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാത്ത ജില്ലാ സെക്രട്ടറിമാരെ മാറ്റിനിർത്താനും സാധ്യതയുണ്ട്.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും സംഘടനാ പ്രവർത്തനങ്ങളും വിലയിരുത്താൻ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടും പ്രവർത്തകരില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങളും പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക