തമിഴ്‌നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് സംസ്ഥാനത്തെ സബ്‌സിഡി ഭക്ഷണ ശൃംഖലയായ ‘അമ്മ കാന്റീനുകള്‍’ പൂർണ്ണമായി നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു.പുതിയ ടിവികെ സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴേക്കും ജനപ്രിയമായ ഈ ക്ഷേമപദ്ധതി വിപുലീകരിക്കാനും സജീവമാക്കാനുമുള്ള അടിയന്തര നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തുടനീളമുള്ള 620 അമ്മ കാന്റീനുകള്‍ക്കാണ് ഇതിലൂടെ പുതുജീവൻ ലഭിക്കുന്നത്. രാഷ്ട്രീയമായ പേരുമാറ്റങ്ങള്‍ക്കൊന്നും മുതിരാതെ പദ്ധതിയുടെ യഥാർത്ഥ പേര് നിലനിർത്തിക്കൊണ്ടുതന്നെയാണ് നവീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അണ്ണാ ഡിഎംകെ ഭരണകാലത്ത് മുൻ മുഖ്യമന്ത്രി ജെ. ജയലളിത തുടക്കം കുറിച്ച ഈ പദ്ധതിക്ക് പിന്നീട് വന്ന ഡിഎംകെ ഭരണസമിതികള്‍ ആവശ്യത്തിന് ഫണ്ട് വകയിരുത്താതിരുന്നതോടെ പലയിടങ്ങളിലും പ്രവർത്തനം പൂർണ്ണമായും നിശ്ചലമാവുകയോ നാമമാത്രമാവുകയോ ചെയ്തിരുന്നു. നഗരസഭകള്‍ ഫണ്ട് വെട്ടിക്കുറച്ചതോടെ കന്റീനുകളിലെ ആധുനിക അടുക്കള ഉപകരണങ്ങളും ഫർണിച്ചറുകളും നശിക്കുകയും, ഭക്ഷണത്തിന്റെ ഗുണനിലവാരവും രുചിയും ശുചിത്വവും വലിയ രീതിയില്‍ താഴേക്ക് പോവുകയും ചെയ്തു. കന്റീനുകളില്‍ പലതും പൂട്ടിപ്പോകുന്ന അവസ്ഥയിലേക്ക് എത്തിയതിനെതിരെ പൊതുജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷണം നല്‍കുന്ന ഈ പദ്ധതി തകരുന്ന പശ്ചാത്തലം നേരിട്ട് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി വിജയ് ഇപ്പോള്‍ അടിയന്തരമായി ഇടപെട്ടിരിക്കുന്നത്.

സംസ്ഥാനത്തുള്ള എല്ലാ അമ്മ കന്റീനുകളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ബജറ്റ് ഫണ്ട് വകയിരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കണമെന്നാണ് ഒഫീഷ്യല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഓരോ കന്റീനിലെയും തകരാറിലായ ഉപകരണങ്ങള്‍ മാറ്റി പുതിയവ വാങ്ങാനും, കെട്ടിടങ്ങള്‍ പെയിന്റ് ചെയ്ത് അറ്റകുറ്റപ്പണികള്‍ തീർക്കാനും, കടുത്ത ശുചിത്വ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കാനും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സാധാരണക്കാരുടെയും തോട്ടം തൊഴിലാളികളുടെയും പോക്കറ്റ് ചോരാതെ വയറുനിറയ്ക്കാൻ സഹായിക്കുന്ന പഴയ വിലവിവരങ്ങള്‍ തന്നെയാണ് പുതിയ സർക്കാരും മാറ്റമില്ലാതെ തുടരുന്നത്.

രാവിലത്തെ ഭക്ഷണം: ഒരു ഇഡ്ഡലി വെറും 1 രൂപ നിരക്കിലും, സാമ്പാർ ഉള്‍പ്പെടെയുള്ള പൊങ്കല്‍ 5 രൂപ നിരക്കിലും ലഭ്യമാക്കും.

ഉച്ചഭക്ഷണം: രുചികരമായ തൈര് സാദം 3 രൂപയ്ക്കും, ചൂടുള്ള സാമ്പാർ സാദം അല്ലെങ്കില്‍ നാരങ്ങ സാദം വെറും 5 രൂപ നിരക്കിലും വാങ്ങാൻ സാധിക്കും.

വനിതാ സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഈ കന്റീനുകളില്‍ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം സൂക്ഷ്മമായി നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ പരാതികള്‍ ഉടനടി പരിഹരിക്കാനും പ്രത്യേക സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ഇടം നല്‍കാതെ മുൻ സർക്കാർ കൊണ്ടുവന്ന നല്ലൊരു പദ്ധതിയെ ജനങ്ങളിലേക്ക് മികച്ച രീതിയില്‍ തിരിച്ചെത്തിക്കാനുള്ള മുഖ്യമന്ത്രി വിജയ്‍റെ ഈ തീരുമാനം തമിഴ് ജനതയ്ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക