കുടുംബത്തിന്റെ ഭാരിച്ച പ്രതീക്ഷകളും മികച്ച ഒരു ജീവിതം കെട്ടിപ്പെടുക്കാമെന്ന സ്വപ്നങ്ങളും പേറിയാണ് മിക്ക വിദ്യാര്‍ത്ഥികളും വിദേശരാജ്യങ്ങളില്‍ ഉന്നതപഠനത്തിനായി പോകുന്നത്.എന്നാല്‍ വിദേശങ്ങളില്‍ പോയ പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികള്‍ കടുത്ത പ്രതിസന്ധിയിലും ബുദ്ധിമുട്ടിലുമാണെന്ന സാഹചര്യം വലിയ സമ്മര്‍ദമാണ് കുടുംബങ്ങളില്‍ സൃഷ്ടിക്കുന്നത്.
ഏകദേശം 30,000 ത്തോളം പേർ വരും വർഷങ്ങളില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനം വരും നാളുകളില്‍ അഭിമുഖീകരിക്കാൻ പോകുന്ന ഗുരുതരമായ സാഹചര്യമാണ് ഇത് വ്യക്തമാക്കുന്നത്.
തിരിച്ചുവരവിനുള്ള കാരണങ്ങള്‍
യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ വിദേശ രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ (Immigration norms) കടുപ്പിച്ചതും ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. പഠനം പൂർത്തിയാക്കിയ ശേഷമുള്ള ‘സ്റ്റേ ബാക്ക്’ കാലാവധിക്ക് ശേഷം സ്ഥിരമായ ജോലി കണ്ടെത്താനാകാതെയും സ്പോണ്‍സർഷിപ്പ് വീസ ലഭിക്കാതെയും വിദ്യാർത്ഥികള്‍ വലയുകയാണ്. യുകെ, കാനഡ, ഓസ്ട്രേലിയ, യുഎസ് പോലുള്ള രാജ്യങ്ങളില്‍ നിലവില്‍ തൊഴിലില്ലായ്മയും വീസ നിരസിക്കലും വർദ്ധിച്ചുവരുന്നു. 2023 ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 2.5 ലക്ഷം വിദ്യാർത്ഥികളാണ് വിദേശത്തുള്ളത്.
ഇവരുടെ വീസ കാലാവധി അവസാനിക്കുന്ന 2027 കാലയളവില്‍ വലിയൊരു തിരിച്ചൊഴുക്കാണ് പ്രതീക്ഷിക്കുന്നത്. ഈ വിദ്യാര്‍ത്ഥികളെല്ലാം കേരളത്തിലേക്ക് എത്തുമെന്നല്ല കരുതേണ്ടത്. മറിച്ച് സ്വപ്നങ്ങള്‍ കരുപിടിപ്പിക്കാന്‍ പോയ വിദ്യാര്‍ത്ഥികളില്‍ ഒരു ശതമാനം ഗള്‍ഫ് രാജ്യങ്ങളിലേക്കോ ജോലി സാധ്യതകളുളള ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലേക്കോ ചേക്കേറിയേക്കാം. എന്നാലും ഭാരിച്ച തുക ചെലവഴിച്ച് സ്വപ്ന രാജ്യങ്ങളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഇതൊരു കനത്ത തിരിച്ചടിയായിരിക്കും.
സാമ്പത്തികവും മാനസികവുമായ ആഘാതം
ഭൂരിഭാഗം വിദ്യാർത്ഥികളും 15 മുതല്‍ 45 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയെടുത്താണ് വിദേശത്തേക്ക് പോയിരിക്കുന്നത്. ഈ തുക ട്യൂഷൻ ഫീസിനായി മാത്രമാണ് പലർക്കും തികയുന്നതെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ കോഡിനേറ്റർ ലിയോണ്‍ ജോസ് വിതയത്തില്‍ പറയുന്നു.
വിദേശത്ത് ജോലി ലഭിക്കാതെ മടങ്ങേണ്ടി വരുന്നത് ഇവരെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും ജപ്തി നടപടികളിലേക്കും നയിക്കും.
ഇത് യുവാക്കള്‍ക്കിടയില്‍ കടുത്ത മാനസിക സമ്മർദ്ദം, വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവ വർദ്ധിപ്പിക്കാൻ കാരണമാകും.
മടങ്ങിയെത്തിയ പല വിദ്യാര്‍ത്ഥികളും ഭാരിച്ച തുക നഷ്ടപ്പെട്ടത് മൂലം കടുത്ത നിരാശയിലായതിനാല്‍, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലും സാധിക്കാത്ത മാനസികാവസ്ഥയിലാണ്. വിദേശത്ത് തുടരാനായി ചിലർ വ്യാജ വിവാഹങ്ങള്‍ക്കും ലക്ഷങ്ങള്‍ മുടക്കി നിയമവിരുദ്ധമായി വീസ സംഘടിപ്പിക്കാനും ശ്രമിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നതായും യു.കെ യില്‍ താമസിക്കുന്ന ലിയോണ്‍ ജോസ് പറയുന്നു.









