കായംകുളം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം.വക്കീല്‍ ഓഫീസ് തുറന്ന് കായംകുളത്ത് തന്നെ പ്രവർത്തിക്കാൻ യു. പ്രതിഭ താല്പര്യം അറിയിച്ചിരുന്നു. കായംകുളം ഏരിയാ കമ്മിറ്റി അംഗമായ പ്രതിഭയോട് പ്രവർത്തനം തകഴിയിലേക്ക് മാറ്റാൻ സിപിഐഎം നേതൃത്വം നിർദ്ദേശിച്ചു.

തോല്‍വിക്ക് ശേഷം പ്രതിഭ നടത്തിയ പ്രതികരണങ്ങളില്‍ ജില്ലാ നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ ശാസിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കായംകുളം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനുള്ള താത്പര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ജന്മദേശമായ തകഴിയിലേക്ക് മാറിക്കോളൂ എന്നാണ് ജില്ലാ നേതൃത്വം നിർദേശിച്ചത്. തകഴിയിലാണ് പ്രതിഭയുടെ താമസം. കോടിയേരി ബാലക‍ൃഷ്ണൻ‌ ഇടപെട്ടാണ് പ്രതിഭയെ തകഴി ഏരിയാ കമ്മിറ്റിയില്‍ നിന്ന് കായംകുളത്തേക്ക് മാറ്റിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന യു പ്രതിഭ എംഎല്‍എയായി കഴിഞ്ഞ ശേഷമാണ് കായംകുളത്തേക്ക് സംഘടനാ പ്രവർത്തനം മാറ്റുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കായംകുളത്ത് തന്നെ പ്രവർത്തിക്കാൻ പ്രതിഭ താത്പര്യപ്പെട്ടത്. എംഎല്‍എ അല്ലാത്തതുകൊണ്ട് തകഴി കേന്ദ്രീകരിച്ച്‌ സംഘടനാ പ്രവർത്തനം നടത്തിയാല്‍ മതിയെന്ന് ജില്ലാ നേതൃത്വം നിർദേശിക്കുകയായിരുന്നു.

നേരത്തെ കായംകുളത്ത് വിഭാഗീയമായ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. പ്രതിഭയെ പിന്തുണക്കുന്നവരും എതിർക്കുന്നവരുമായ വിഭാഗം ഉണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ആവർത്തിക്കാതിരിക്കാനും തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംഘടനാ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ട് പോകാനുള്ള ഭാഗമായിട്ടാണ് പ്രതിഭയോട് തകഴിയിലേക്ക് മാറിക്കോളാൻ ജില്ലാ നേതൃത്വം നിർദേശം നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക