പ്രതിപക്ഷ പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ (ഡിഎംകെ) രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിജയ്.പിന്നാലെ ഡിഎംകെ നിയമസഭാംഗങ്ങള്‍ വാക്ക്‌ഔട്ട് നടത്തി. മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പെട്ട വൈറല്‍ ആംഗ്യത്തെ വിജയ് അനുകരിച്ചതും ചർച്ചയാവുകയാണ്.ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘർഷമുണ്ടായത്.

വിജയ്‌യുടെ പ്രസംഗം തടസപ്പെടുത്തി ഡിഎംകെ നിയമസഭാംഗങ്ങള്‍ തമിഴക വെട്രി കഴകം (ടിവികെ) രാഷ്ട്രീയ അവസരവാദികളാണെന്ന് ആരോപിച്ചു. മുദ്രാവാക്യങ്ങള്‍ക്കിടയില്‍ സ്പീക്കർ ജെസിഡി പ്രഭാകറും ട്രഷറി ബെഞ്ച് അംഗങ്ങളും മുഖ്യമന്ത്രിയെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടി ഫണ്ടിന്റെ പേരില്‍ ഡിഎംകെ പണം പിരിക്കുന്നതായി വിജയ് ആരോപിച്ചു.’അവർ പാർട്ടി ഫണ്ടിന്റെ പേരില്‍ പണം പിരിക്കുന്നു. ഞങ്ങള്‍ ഒരിക്കലും പൊതുജനങ്ങളുടെ പണം കൊള്ളയടിക്കില്ല. എല്ലാ അഴിമതി കേസുകളും അന്വേഷിക്കും. ആരെയും ഞങ്ങള്‍ വെറുതെ വിടില്ല’- മുഖ്യമന്ത്രി വ്യക്തമാക്കി.ഇതിനിടെ കൈകൊണ്ട് സ്റ്റാലിൻ കാണിക്കുന്ന ആംഗ്യം വിജയ് അനുകരിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. സ്‌പീക്കറുടെ അനുവാദത്തോടെ വിജയ് കാണിച്ച ആംഗ്യത്തിന് സഭയിലുണ്ടായിരുന്ന എംഎല്‍എമാരുടെ കയ്യടി കിട്ടുകയും ചെയ്തു.

ഈ വർഷമാദ്യം സ്റ്റാലിന്റെ ഒരു വീഡിയോ വൈറലായിരുന്നു. അതില്‍, കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകള്‍ക്ക് ശേഷം ഡിഎംകെ ആസ്ഥാനത്ത് നിന്ന് പോകുമ്പോള്‍ അദ്ദേഹം കൈകൊണ്ട് കാണിച്ച ആംഗ്യമാണ് വൈറലായത്. “എല്ലാം പരിഹരിച്ചു” അല്ലെങ്കില്‍ “എല്ലാം പൂർത്തിയായി” എന്നതിന്റെ സൂചനയായാണ് സ്റ്റാലിൻ ആംഗ്യം കാട്ടിയത്. ഈ ആംഗ്യം പെട്ടെന്ന് കാട്ടിയതാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും സ്റ്റാലിൻ പിന്നീട് വ്യക്തമാക്കിയിരുന്നു. ചർച്ചകള്‍ അവസാനിച്ചോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവസാനിച്ചുവെന്ന് കൈകൊണ്ട് മറുപടി നല്‍കുകയായിരുന്നുവെന്നായിരുന്നു സ്റ്റാലിന്റെ വിശദീകരണം. ഇതേ ആംഗ്യമാണ് വിജയ് അനുകരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക