തമിഴ്നാട്ടില്‍ ഭരണം നഷ്ടപ്പെട്ടത് അംഗീകരിക്കാൻ ഡിഎംകെ നേതാക്കള്‍ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന വിമർശനങ്ങള്‍ ശക്തമാക്കിക്കൊണ്ട് തിരുനെല്‍വേലി കോർപ്പറേഷനില്‍ പുതിയ വിവാദം പുകയുന്നു.കോർപ്പറേഷൻ മേയറുടെ ഔദ്യോഗിക മുറിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
മേയറുടെ കസേരയ്ക്ക് തൊട്ടുമുകളിലായി മുഖ്യമന്ത്രി വിജയ്‍യുടെ ചിത്രം സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് തിരുനെല്‍വേലി ഡിഎംകെ മേയർ രാമകൃഷ്ണൻ തന്‍റെ ഔദ്യോഗിക കസേര ഒഴിവാക്കി പകരം സോഫയിലിരുന്ന് ഭരണം നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
നേരത്തെ മേയറുടെ ഓഫീസില്‍ മുഖ്യമന്ത്രി വിജയ്‍യുടെ ചിത്രം വയ്ക്കാത്തതിനെതിരെ ടിവികെ (തമിഴക വെട്രി കഴകം) പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് അധികൃതർ ഇടപെട്ട് മുഖ്യമന്ത്രിയുടെ ചിത്രം ഇവിടെ സ്ഥാപിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്ന് കരുതിയെങ്കിലും, മേയറുടെ പുതിയ നീക്കം വിവാദത്തിന് മറ്റൊരു മാനം നല്‍കിയിരിക്കുകയാണ്. ഡിഎംകെ പ്രവർത്തകർ ഈ ജനവിധിയെ ഉള്‍ക്കൊള്ളാൻ മടിക്കുകയാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയോടും ഭരണഘടനാ പദവിയോടും കാണിക്കുന്ന അനാദരവാണിതെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം.
തമിഴ്‌നാട്ടില്‍ വിജയിന്‍റെ നേതൃത്വത്തിലുള്ള ടിവികെ (തമിഴക വെട്രി കഴകം) സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡി എം കെ. അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. വിജയ് സർക്കാർ മൂന്ന് മാസം തികയ്ക്കുമെന്ന് തോന്നുന്നില്ലെന്നാണ് സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. ജനങ്ങള്‍ ഇപ്പോള്‍ തന്നെ ഇക്കാര്യം സംസാരിച്ചു തുടങ്ങിയെന്നും ഡി എം കെ അധ്യക്ഷൻ കൂട്ടിച്ചേർത്തു. പുതിയ ഭരണകൂടത്തെ ആദ്യത്തെ ആറുമാസം വിമർശിക്കേണ്ടതില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ടി വി കെ. സർക്കാരിന്റെ പ്രവർത്തനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

















