സിപിഎം ഭരണത്തിലുള്ള ഏക കോര്‍പറേഷനായ കോഴിക്കോട് കോര്‍പറേഷന്‍ പിരിച്ചുവിടേണ്ടി വരുമോ? മാര്‍ച്ച്‌ 31 ന് മുമ്പ് ബജറ്റ് പാസാക്കാതെ ഗുരുതര വീഴ്ച വരുത്തിയതോടെ വിഷയം ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. മുന്‍സിപ്പാലിറ്റി ആക്‌ട് പ്രകാരംമാര്‍ച്ച്‌ 31-നകം ബജറ്റ് പാസ്സാക്കാത്ത പക്ഷം ആ തദ്ദേശ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനുള്ള നിയമപരമായ അവകാശമില്ല. ഏപ്രില്‍ ഒന്നുമുതല്‍ ദൈനംദിന ഇടപാടുകള്‍ നടത്താനും പാടില്ല. അതിനാല്‍, ഏപ്രില്‍ ഒന്നു മുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും നിലവില്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിടേണ്ട സാഹചര്യമാണെന്നുമാണ് ആക്ഷേപം.

സിപിഎമ്മിന്റെ ഭരണത്തിലുള്ള കോര്‍പ്പറേഷന്‍ കൃത്യ സമയത്ത് ബജറ്റ് പാസ്സാക്കാതിരുന്നതോടെ വലിയൊരു നിയമലംഘനമാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഒരു യുവ കൗണ്‍സിലര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്, വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. അഡ്വക്കേറ്റ് ജോര്‍ജ് പൂന്തോട്ടമാണ് ഈ കേസില്‍ ഹാജരായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോര്‍പറഷേന്‍ പിരിച്ചുവിടേണ്ട സാഹചര്യം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാലിക്കേണ്ട കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ പ്രകാരം ഓരോ സാമ്പത്തിക വര്‍ഷത്തെയും ബജറ്റ് മാര്‍ച്ച്‌ 31-നകം പാസ്സാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയാണ്. കഴിഞ്ഞ ഏപ്രിലിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നിട്ടും മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ ബജറ്റ് പാസ്സാക്കിയപ്പോള്‍ കോഴിക്കോട് നഗരസഭയ്ക്ക് ഇതില്‍ വീഴ്ച സംഭവിച്ചു. ഇത്തരത്തില്‍ സമയപരിധിക്കുള്ളില്‍ ബജറ്റ് അംഗീകരിക്കാത്തതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ശമ്പളം നല്‍കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിയമവിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബജറ്റ് പാസ്സാക്കാത്ത പക്ഷം തദ്ദേശ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ നിയമപരമായ അവകാശമില്ലെന്നും അതിനാല്‍ നിലവിലെ കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടേണ്ട സാഹചര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചുണക്കുട്ടിയായി ശ്രീജ സുരേഷ്: സിപിഎമ്മിന്റെ ഭരണത്തിലുള്ള കേരളത്തിലെ പ്രധാനപ്പെട്ട ഒരു കോര്‍പ്പറേഷനായ കോഴിക്കോട് സംഭവിച്ച ഈ വീഴ്ച രാഷ്ട്രീയമായും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ നിയമലംഘനത്തിനെതിരെ കോഴിക്കോട് കോര്‍പ്പറേഷനിലെ കൗണ്‍സിലറായ ശ്രീജ സുരേഷ് ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായി. സീനിയര്‍ അഡ്വക്കേറ്റ് ജോര്‍ജ് പൂന്തോട്ടം ഹര്‍ജിക്കാരിക്കുവേണ്ടി കോടതിയില്‍ ഹാജരായി. ഹര്‍ജിക്കാരി സമര്‍പ്പിച്ച പരാതിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ച ബജറ്റിന്റെ തുടര്‍ന്നുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും തന്റെ പരാതി നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഗണിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഈ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ 2026 മാര്‍ച്ച്‌ 31-ന് നിര്‍ണ്ണായകമായ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി (WP(C) No. 12994/2026), സംസ്ഥാന സര്‍ക്കാരിനും കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും നോട്ടീസ് നല്‍കി. ഹര്‍ജിക്കാരി സമര്‍പ്പിച്ച പരാതി (Ext.P6), ബന്ധപ്പെട്ട കക്ഷികള്‍ക്ക് കേള്‍ക്കാനുള്ള അവസരം നല്‍കിക്കൊണ്ട് എത്രയും വേഗത്തില്‍ പരിഗണിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

ഉത്തരവ് ലഭിച്ച്‌ ഒരു മാസത്തിനകം ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ, 2026 മാര്‍ച്ച്‌ 2-ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും കോടതി ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. നിലവില്‍ ഈ വിഷയം സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ നിലവില്‍ വരാത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ നിലയിലുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക