എക്സാലോജിക്-സിഎംആർഎല്‍ മാസപ്പടി കേസില്‍ മകള്‍ വീണ പ്രതിയായാല്‍ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയും.ഇതുസംബന്ധിച്ച ചർച്ചകള്‍ സിപിഎം നേതൃതലത്തില്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വീണ ഇഡിക്കു മുന്നില്‍ വീണ്ടും ഹാജരായതു പിണറായി വിജയനെ മാത്രമല്ല പാർട്ടി നേതൃത്വത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

നേരത്തേ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ലഹരിക്കേസില്‍പ്പെട്ട് ജയിലിലായപ്പോള്‍ അദ്ദേഹം സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെ മകള്‍ കേസില്‍ പ്രതിയായാല്‍ പിണറായി വിജയനു പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയേണ്ടിവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തേ വീണ താമസിക്കുന്ന തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസില്‍ പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. ഒരാള്‍ക്കു മാത്രമാണു ജാമ്യം ലഭിച്ചത്. അന്നത്തെ സംഭവം നടക്കാൻ പാടില്ലായിരുന്നുവെന്ന അഭിപ്രായമുള്ളവർ സിപിഎം നേതൃത്വത്തില്‍ ഏറെയുണ്ടെങ്കിലും അവരാരും പാർട്ടി വേദികളില്‍ പോലും പ്രതികരിച്ചു കണ്ടില്ല.

ഇപ്പോള്‍ ഈ കേസില്‍ ഇഡിയും കക്ഷി ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ കേസിലെ പ്രതികള്‍ക്ക് അടുത്തകാലത്തൊന്നും ജാമ്യം കിട്ടാനും ഇടയില്ല. ഇതു സിപിഎം നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറിയാല്‍ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാല്‍ ആ സ്ഥാനത്തെത്തും. നിലവില്‍ നിയമസഭയില്‍ സിപിഎം നിരയില്‍ ബാലഗോപാല്‍ മാത്രമാണു കേന്ദ്ര കമ്മിറ്റി അംഗമായിട്ടുള്ളത്.

തെരഞ്ഞെടുപ്പു തോല്‍വിയില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി ബ്രാഞ്ച് മുതല്‍ സംസ്ഥാന കമ്മിറ്റി വരെ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പിണറായി പ്രതിപക്ഷ നേതാവായതിലും കമ്മിറ്റികളില്‍ വിമർശനമുണ്ടായി. സിപിഎം പോളിറ്റ്ബ്യൂറോയിലും എതിർപ്പുണ്ടായി. പിണറായി വിജയനു വേണ്ടി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിക്കു പാർട്ടി പിബിയില്‍ വോട്ടെടുപ്പു വരെ നടത്തേണ്ടി വന്നു.

മാസപ്പടി കേസില്‍ മകള്‍ പ്രതിയായാല്‍ ഉറപ്പായും പിണറായി വിജയനോടു പാർട്ടി കേന്ദ്ര നേതൃത്വം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറാൻ ആവശ്യപ്പെടും.ആരോഗ്യ കാരണങ്ങളാല്‍ ഇടതുമുന്നണി കണ്വീനർ സ്ഥാനത്തുനിന്ന് ഒഴിയാൻ ടി.പി.രാമകൃഷ്ണൻ താത്പര്യം പ്രകടിപ്പിച്ചെന്നാണു വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക