കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി.) ഔദ്യോഗികമായി പുറത്തിറക്കുന്ന തൊഴില്‍ വാര്‍ത്താപത്രികയായ ‘പി.എസ്.സി.ബുള്ളറ്റിനില്‍’ ഗുരുതര എഡിറ്റോറിയല്‍ വീഴ്ച സംഭവിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതുമായ കണ്ണൂരിലെ വിവാദ വ്യക്തിത്വം ആകാശ് തില്ലങ്കേരിയെ, സംസ്ഥാനത്തെ മികച്ച തിരക്കഥാകൃത്തായി ചിത്രീകരിച്ചുകൊണ്ടാണ് മേയ് 15-ലെ പി.എസ്.സി. ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കമ്മീഷന്റെ ഔദ്യോഗിക പത്രമായ ‘സമകാലികം’ എന്ന വിഭാഗത്തിലാണ് ഈ വന്‍ അബദ്ധം സംഭവിച്ചിരിക്കുന്നത്. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രം ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2025-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തുന്ന പ്രത്യേക ഫീച്ചറിലാണ് ഈ ഗുരുതരമായ പിശക് കടന്നുകൂടിയത്. ഉണ്ണി കെ. ആര്‍. സംവിധാനം ചെയ്ത ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിരുന്നത്. എന്നാല്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടിയ പ്രശസ്ത രചയിതാവ് രാജേഷ് തില്ലങ്കേരിയുടെ വിവരങ്ങള്‍ നല്‍കിയ ഭാഗത്ത്, അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് അച്ചടിച്ചുവന്നത്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ എന്നിവരടങ്ങുന്ന പ്രമുഖ അവാര്‍ഡ് ജേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ആകാശ് തില്ലങ്കേരിയുടെ ചിത്രവും പി.എസ്.സി. ബുള്ളറ്റിന്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ മത്സരപരീക്ഷകള്‍ക്കുള്ള പൊതുവിജ്ഞാന ശേഖരണത്തിനായി പൂര്‍ണ്ണമായും ആശ്രയിക്കുന്ന ഒരു ഔദ്യോഗിക ഗൈഡിലാണ് ഈ അനാസ്ഥ എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ബുള്ളറ്റിനിലെ വിവരങ്ങള്‍ അതേപടി പഠിച്ചെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തെറ്റായ വിവരങ്ങളിലേക്ക് നയിക്കാന്‍ ഈ വീഴ്ച കാരണമാകും.

ഈ പുതിയ ബുള്ളറ്റിനുകള്‍ ജൂണ്‍ 1, 15 തീയതികളില്‍ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോയിലെ പിശകുകള്‍ക്ക് പി.എസ്.സി. തിരുത്ത് വരുത്തിയിരുന്നില്ല. എന്നാല്‍ സംഭവം വിവാദമായതോടെ ഒടുവില്‍ പി.എസ്.സി. തങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ തെറ്റ് സമ്മതിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റില്‍ എവിടെയാണ് ഈ വലിയ പിഴവ് സംഭവിച്ചത് എന്ന കാര്യത്തില്‍ കൃത്യമായ വ്യക്തത വരുത്താന്‍ കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും, പ്രസിദ്ധീകരണത്തില്‍ വന്നത് വലിയൊരു അബദ്ധമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക