പാർട്ടിക്ക് തലവേദനയാകുന്ന വിവാദ പ്രസംഗവുമായി വീണ്ടും സിപിഎം നേതാവ് എംഎം മണി. കഞ്ഞിക്കുഴി മേഖലയില്‍ വനംവകുപ്പ് നടത്തുന്ന കുടിയിറക്കല്‍ നീക്കങ്ങള്‍ക്കെതിരെ നഗരംപാറ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന നിലയിലുള്ള പരാമർശങ്ങള്‍ എംഎം മണിയില്‍ നിന്ന് ഉണ്ടായത്.ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും കടുത്ത ഭാഷയില്‍ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് എം.എം. മണി പ്രസംഗിച്ചത്.
മര്യാദകേട് കാണിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
എംഎം മണിയുടെ പ്രസംഗം
എംഎം മണിയുടെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍: ”കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തും, ജീവിക്കുന്നിടത്തും പുരവച്ച് താമസിക്കുന്നിടത്തും പെടച്ച് കയറാൻ വന്നാല്‍ അവിടെ വച്ച് ഞങ്ങള്‍ നിങ്ങളെ നേരിടേണ്ടിവരും, കൈകാര്യം ചെയ്യേണ്ടിവരും, അന്നേരം നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാകില്ല എന്ന കാര്യം പ്രത്യേകം ഓർമിക്കുക”.
“ഞങ്ങളങ്ങനെ തീരുമാനിച്ചാല്‍ നീയൊക്കെ ഇറങ്ങി നടക്കണമെങ്കില്‍ ഞങ്ങടെ ചീട്ട് വേണ്ടിവരും, ഒള്ള കാര്യം പറയാം. എന്തായാലും നിയമം മാങ്ങാത്തൊലി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങള്‍ക്കും നിയമമൊക്കെ അറിയാം, അറിയാമല്ലോ. ഞങ്ങള്‍ രണ്ടും കല്‍പ്പിച്ചാ, അതുതന്നെ. നിങ്ങള്‍ക്കൊക്കെ വീട്ടില്‍ ഭാര്യയും മക്കളും ഒക്കെയുണ്ട്, ഫോറസ്റ്റുകാരനും പോലീസുകാരനുമൊക്കെ”.
”ഞങ്ങള്‍ക്കും ഉണ്ട്. ഞങ്ങള്‍ ഭാര്യയോടും മക്കളോടും പിടീന്ന് ചെല്ലാമെന്നും പറഞ്ഞല്ല പൊതുപ്രവർത്തനം കൊണ്ട് ഇറങ്ങിയിരിക്കുന്നത്. വരുന്നിടത്തുവച്ച് കാണാമെന്നുള്ള മനോഭാവമാണ് ഞങ്ങള്‍ക്കുള്ളത്. ഇന്നേവരെ ഞങ്ങള്‍ അങ്ങനെയാണ് ചെയ്തിരിക്കുന്നത്. ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും, തമാശല്ല, അടിച്ചാല്‍ തിരിച്ചടിക്കും, ചെറുത്തുനില്‍ക്കും. അതിനപ്പുറം ഞാനിപ്പോള്‍ പറയുന്നില്ല. ഈ മാധ്യമങ്ങളൊക്കെ ഉള്ളതുകൊണ്ട് കൂടുതല്‍ കടത്തിപ്പറഞ്ഞാല്‍ അത് നാളെ വിവാദമാകുമെന്നതുകൊണ്ട് ഞാനങ്ങോട്ട് പോകുന്നില്ല എന്ന കാര്യം പറയാൻ ആഗ്രഹിക്കുകയാണ്”.
”അതുകൊണ്ട് ഞങ്ങളെക്കൊണ്ട് ആവശ്യമില്ലാത്ത പണി ചെയ്യിക്കരുത് നിങ്ങള്. ഇപ്പോള്‍ ഖദർ ധാരികള്‍ ഇവർക്ക്, കാക്കി ധാരികള്‍ ഫോറസ്റ്റുകാർക്ക് ഉമ്മാക്കി കാണിക്കാൻ പറ്റും, വിഡി സതീശനാണല്ലോ. വിഡി സതീശൻ തിരുവനന്തപുരത്തിരിക്കും. ഞാൻ വേറെ ഭാഷ പറയുന്നില്ല. ഇവിടെ ഈ പണിയൊന്നും ഞങ്ങളുടെ അടുത്ത് നടക്കില്ല. ഞങ്ങള്‍ ഇതിനെ ശക്തമായി നേരിടേണ്ടിവരും”.
”സതീശനവിടിരിക്കും, സതീശന്റെ അങ്ങോട്ട്, സെക്രട്ടേറിയറ്റിലേക്ക് ഞങ്ങള്‍ വരും, വേണ്ടി വന്നാല്‍, ആളെയും കൂട്ടി” എന്നിങ്ങനെ പോകുന്നു എംഎം മണിയുടെ പുതിയ വിവാദ പ്രസംഗം. കഞ്ഞിക്കുഴി മേഖലയില്‍ വനംവകുപ്പ് നടത്തുന്ന കുടിയിറക്കല്‍ നീക്കങ്ങള്‍ക്കെതിരെയായിരുന്നു മണിയുടെ പ്രസംഗമെങ്കിലും അതിലെ ഭീഷണിയുടെ സ്വരം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ സാധ്യതയുണ്ട്.
ഇടുക്കിയിലെ പാർട്ടി പ്രവർത്തകരുടെ ആവേശമാണെങ്കിലും മണിയുടെ പ്രസംഗങ്ങള്‍ സംസ്ഥാന തലത്തില്‍ പാർട്ടിയെ പലപ്പോഴും പ്രതിക്കൂട്ടിലാക്കാറുണ്ട്. തന്റെ നാടൻ ശൈലിയിലുള്ളതും എതിരാളികളെ കടന്നാക്രമിക്കുന്നതുമായ പ്രസംഗങ്ങളിലൂടെ മണി പലവട്ടം കടന്നുപോയിട്ടുണ്ട്. അതില്‍ ഏറ്റവും ചർച്ചയായത് ‘123’ പ്രസംഗമായിരുന്നു. 2012 മെയ് 25-ന് തൊടുപുഴയില്‍ വെച്ച് നടത്തിയ ആ പ്രസംഗത്തില്‍, മുൻകാലങ്ങളില്‍ ഇടുക്കി ജില്ലയില്‍ പാർട്ടി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കിയതിനെക്കുറിച്ചുള്ള മണിയുടെ പരസ്യമായ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കമുണ്ടാക്കി.
പാർട്ടി പരിപാടികളിലെ പ്രസംഗങ്ങള്‍ മാത്രമല്ല എംഎം മണിയുടെ നിയമ സഭയിലെ ചില പരാമർശങ്ങള്‍ പോലും വിവാദമായിട്ടുണ്ട്. അതിലൊന്ന് നിയമസഭയില്‍ വച്ച് വടകര എം.എല്‍.എ കെ.കെ. രമയ്ക്കെതിരെ നടത്തിയ പരാമർശമാണ്. കൂടാതെ ‘പെമ്പിളൈ ഒരുമൈ’ സമരത്തെക്കുറിച്ചും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും മണി നടത്തിയ പ്രസംഗങ്ങളും സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയവയാണ്.

















