വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റവുമായി സംബന്ധിച്ച വാർത്തയില്‍ ദേശാഭിമാനി പത്രത്തിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാവിയില്‍ ഉണ്ടാകാൻ പോകുന്ന കാര്യങ്ങള്‍ ഗൗരവപൂർവം കാണാൻ പത്രത്തിന് കഴിഞ്ഞില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുൻ സർക്കാരിന് അറിയാമായിരുന്നെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ദേശാഭിമാനി പത്രത്തില്‍ വന്ന വാർത്ത ഉയർത്തിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വാദം.’ഭാവിയില്‍ വരാൻ പോകുന്ന കാര്യങ്ങള്‍ ദേശാഭിമാനി ഗൗരവപൂർവം കാണണമായിരുന്നു. അങ്ങനെയൊരു വാർത്ത പത്രത്തില്‍ വരാൻ പാടില്ലായിരുന്നു. പാർട്ടി പത്രത്തില്‍ എന്തെല്ലാം തെറ്റുകളും ശരികളും വരുന്നു. അതുപോലൊരെണ്ണമായി കണ്ടാല്‍ മതി’. ഗോവിന്ദൻ പത്രത്തെ കുറ്റപ്പെടുത്തി. ദേശാഭിമാനിയില്‍ വാർത്ത വന്നു, നേതാക്കളെല്ലാം കാര്യങ്ങള്‍ നേരത്തെയറിഞ്ഞുവെന്ന തരത്തില്‍ ചില കള്ളപ്രചാരണങ്ങള്‍ നടക്കുന്നെന്നും ഗോവിന്ദൻ പറഞ്ഞു.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ദേശാഭിമാനിയിലാണ് ആദ്യം വാർത്ത വന്നതെന്നത് തെറ്റായ പ്രചാരണമാണ്. ജൂണ്‍ ഒന്നിന് ഇക്കണോമിക്സ് ടൈംസിലാണ് ആദ്യമായി വാർത്ത കണ്ടത്. പിന്നീട് മാതൃഭൂമിയും കൊടുത്തു. നിരന്തരം കള്ളംപറഞ്ഞ് മുഖ്യമന്ത്രി ദേശാഭിമാനിയെയും പാർട്ടി നേതൃത്വത്തെയും വലിച്ചിടാൻ ശ്രമിക്കുകയാണ്. കണ്ണൂർ ജില്ലാ സെക്രട്ടറിയെ അദ്ദേഹം അപമാനിക്കുകയും ചെയ്തു’. ഗോവിന്ദൻ പറഞ്ഞു.

ഒരുമാസം മുൻപാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നടത്തിപ്പ് കമ്പനിയായ എവിപിപിഎല്ലിന്‍റെ ഓഹരി വില്‍പനയെ അനുകൂലിച്ച്‌ ദേശാഭിമാനി വാർത്ത കൊടുത്തത്. ജൂണ്‍ 5ന് പ്രസിദ്ധീകരിച്ച പത്രത്തിലാണ് എംഎസ്‍സിയുമായി നടത്താന്‍ ഉദ്ദേശിക്കുന്ന ഓഹരി കൈമാറ്റത്തെ പുകഴ്ത്തിയുള്ള വാര്‍ത്ത വന്നത്. ഓഹരി വില്‍ക്കുന്നത് സംബന്ധിച്ച വിവരം അദാനി ഗ്രൂപ്പ് പുറത്തുവിട്ടത് ജൂണ്‍ 30നായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ് സി വിഴിഞ്ഞത്തെ 49 ശതമാനം വരെ ഓഹരി വാങ്ങിയേക്കുമെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. അദാനി ഗ്രൂപ്പ് ചുമ്മാ ഇതെല്ലാം അങ്ങോട്ട് വില്‍ക്കുന്നതല്ല.

സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം ഇതിനൊക്കെ അവകാശമുണ്ടെന്ന് പത്രത്തിലുണ്ട്. വിഴിഞ്ഞത്ത് ചരക്ക് നീക്കം ആരംഭിച്ച ശേഷം എത്തിയ 964 കപ്പലുകളില്‍ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം എം എസ് സിയുടെ കപ്പലാണെന്നും 1000മത്തെ കപ്പലും ഈ മാസം തന്നെ എത്തുമെന്നും കൃത്യമായി അച്ചടിച്ചിട്ടുണ്ട്. ഈ വാർത്ത ഉയർത്തിപ്പിടിച്ചുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് ദേശാഭിമാനി പത്രത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.

‘വിഴിഞ്ഞം ഓഹരി വില്‍പനയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തില്‍ നിന്ന് ചില കള്ളക്കളികള്‍ ഇനിയും തുടരുന്നതായി മനസിലായി. സർക്കാരിന് കാര്യങ്ങളെല്ലാം മുൻകൂറായി അറിയാം. സതീശന്‍റെ മംഗലാപുരം യാത്ര പല നീക്കത്തിനും വേണ്ടിയാണെന്ന് ജനങ്ങള്‍ക്കറിയാം. സർക്കാർ ഒന്നുമറിഞ്ഞില്ലെന്ന വാദങ്ങള്‍ വിശ്വസിക്കാനാവില്ല. കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണ് അദ്ദേഹത്തിലൂടെ കണ്ടത്’. ഗോവിന്ദൻ ആരോപിച്ചു.’സ്വകാര്യകമ്പനിക്ക് വിഴിഞ്ഞത്തെ അടിയറവ് വെക്കുന്നതിനെയാണ് ഞങ്ങള്‍ എതിർത്തത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.

കേരളത്തെ ബിജെപിയല്ല ഭരിക്കുന്നതെന്ന് പറഞ്ഞ കെ.സി വേണുഗോപാല്‍ പ്രതികരിക്കുന്നില്ല. തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയുടെ പ്രകടനപത്രികയിലുണ്ടായിരുന്ന കാര്യങ്ങളാണ് സർക്കാർ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.’ വയനാട് ദുരന്തത്തെ സർക്കാർ രാഷ്ട്രീയവല്‍ക്കരിക്കുന്നെന്നും രക്ഷാപ്രവർത്തനത്തിന് സർക്കാർ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവും സിപിഎം നേതാക്കളും ഇന്ന് വൈകുന്നേരം ദുരന്തസ്ഥലത്ത് പോകുമെന്നും ഗോവിന്ദൻ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക