ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി ലോ അക്കാദമി കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ സ്ഥിരീകരിച്ചു.അക്കാദമിക്ക് പാട്ടത്തിന് അനുവദിച്ച ഭൂമിയും സമീപത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയും അനധികൃതമായി കൈയേറിയതായാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ലോ അക്കാദമി ഡയറക്ടറും സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണൻ നായരും കുടുംബവുമാണ് ഭൂകയ്യേറ്റത്തിന് പിന്നില്‍. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരൻ കോലിക്കോട് നാരായണൻ നായരാണ് ലോ അക്കാദി സ്ഥാപിച്ചത്. കൈവശപ്പെടുത്തിയ ഭൂമിയുടെ ആകെ വിപണിമൂല്യം 600 കോടിയിലധികം വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
റവന്യൂ വകുപ്പിന്റെ പരിശോധനയില്‍, പാട്ടവ്യവസ്ഥ ലംഘിച്ച് സർക്കാർ ഭൂമിയില്‍ സ്ഥിരനിർമാണങ്ങള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അക്കാദമിക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി അനുവദിച്ച ഭൂമിയുടെ ഒരു ഭാഗം വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ബാങ്ക്, ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തല്‍.
പഴയ വിവാദങ്ങള്‍ വീണ്ടും ചർച്ചയിലേക്ക്
തിരുവനന്തപുരം ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആദ്യമായല്ല ഉയരുന്നത്. വർഷങ്ങളായി അക്കാദമിയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം, പാട്ടവ്യവസ്ഥ ലംഘനം, സർക്കാർ ഭൂമിയുടെ ഉപയോഗം എന്നിവ ചർച്ചാവിഷയമായിരുന്നു.
2017-ല്‍ ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരകാലത്ത് ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും പാട്ടക്കരാറുകളും വലിയ രാഷ്‌ട്രീയ വിവാദമായി മാറിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനായി സർക്കാർ അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം അന്നും പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും ശക്തമായി ഉന്നയിച്ചിരുന്നു.
തുടർന്ന് വിവിധ തലങ്ങളില്‍ പരിശോധനകളും റിപ്പോർട്ടുകളും ഉണ്ടായെങ്കിലും ഭൂമി തിരിച്ചുപിടിക്കുന്നതടക്കമുള്ള നടപടികള്‍ കാര്യമായ പുരോഗതി കൈവരിച്ചിരുന്നില്ല. ഇപ്പോഴത്തെ റവന്യൂ വകുപ്പിന്റെ കണ്ടെത്തലുകള്‍ പഴയ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ്.
റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍ നിർണായകം
അക്കാദമിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിക്ക് പുറമേ സർക്കാർ പുറമ്പോക്ക് ഭൂമിയും കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പ് സ്ഥിരീകരിച്ചതോടെ വിഷയം കൂടുതല്‍ ഗുരുതരമായിരിക്കുകയാണ്. സർക്കാർ ഭൂമിയില്‍ അനുമതിയില്ലാതെ നിർമാണങ്ങള്‍ നടത്തിയിട്ടുണ്ടോ, വാണിജ്യ സ്ഥാപനങ്ങള്‍ എങ്ങനെ പ്രവർത്തനം ആരംഭിച്ചു, സർക്കാരിന് സാമ്പത്തിക നഷ്ടം എത്രയെന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണ്ടിവരും.
ഇതിനിടെ, അനധികൃത കയ്യേറ്റം തെളിഞ്ഞാല്‍ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ റവന്യൂ വകുപ്പ് ആലോചിക്കുന്നതായാണ് സൂചന. സംഭവത്തില്‍ റവന്യൂ വകുപ്പിന്റെ അന്തിമ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടികളും നിർണായകമാകും.

















