കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് നയത്തില്‍ വൻ മാറ്റം വരുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ബിജെപി കേരളത്തില്‍ മുഖ്യശത്രുവായി കണ്ടിരുന്നതും പോരാടിയതും കോണ്‍ഗ്രസിന് എതിരായിരുന്നു.എന്നാല്‍, ഇത്തവണ മുഖ്യശത്രു സിപിഎമ്മാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്റെയും അമിത് ഷായുടെയും നിർദേശപ്രകാരമാണ് ഈ മാറ്റം.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെപ്പിലും കോണ്‍ഗ്രസിനെയായിരുന്നു മുഖ്യശത്രുവായി ബിജെപി കണക്കാക്കിയത്. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപി കേന്ദ്ര നയത്തിനോട് യോജിച്ച സമീപനമായിരുന്നു ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരു മുന്നണികളെയും എതിർക്കുന്ന മൂന്നാം മുന്നണി എന്ന നയം എൻഡിഎ കാലങ്ങളായി തുടരുന്നു എങ്കിലും സംസ്ഥാനത്തു പ്രാദേശികമായ വിട്ടുവീഴ്ചകള്‍ കോണ്‍ഗ്രസിനോട് അധികം ഇല്ലായിരുന്നു . പ്രത്യേകിച്ചും മോദി – അമിത് ഷാ കാലം മുതല്‍.

സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം ബിജെപി ബന്ധം ആക്ഷേപിക്കുന്നുണ്ടെങ്കിലും ബിജെപിക്കകത്തു സമീപകാലത്ത് സിപിഎമ്മിനേക്കാള്‍ ശത്രുത കോണ്‍ഗ്രസിനോട് ആയിരുന്നു.കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങള്‍ മൂർച്ഛിച്ച കാലഘട്ടത്തില്‍ പോലും നയം അങ്ങനെയായിരുന്നു.

അമിത് ഷായുടെ നീക്കം

രാജ്യമെമ്പാടുനിന്നു നക്സല്‍ സ്വാധീനം പാടെ ഇല്ലാതാക്കുക എന്ന കേന്ദ്ര സർക്കാർനയത്തിന്റെ ഭാഗമായാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള നയത്തിലും മാറ്റം വന്നിരിക്കുന്നത്. കേരളത്തില്‍ നക്സല്‍ വേട്ടയ്ക്കു പിണറായി സർക്കാർ വേണ്ടത്ര പിന്തുണ നല്‍കിയെങ്കിലും പാർട്ടിയിലെ ബുദ്ധിജീവിഭാഗവും സിപിഐയും അതിനെ എതിർത്തതു കേന്ദ്രം ശ്രദ്ധച്ചിട്ടുണ്ട്.

മാത്രമല്ല വയനാട് ഉള്‍പ്പെടെ കേരളത്തിലെ പല ഭാഗങ്ങളിലും നക്സല്‍ സ്വാധീനം നിലനില്‍ക്കുന്നതിന്റെ കാരണം ഇടതു സ്വാധീനമാണെന്നും അവർ കരുതുന്നു. കമ്യൂണിസ്റ്റ് പാർട്ടികളെയും നക്സല്‍ തീവ്രവാദത്തോടു ബന്ധിച്ചു കാണാനാണ് അമിത് ഷായുടെ നിർദേശം.

ഭരണവും വോട്ട് മറിക്കലും

കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം തുടർച്ചയായി മൂന്നു ടേം വരികയും കോണ്‍ഗ്രസ് 15 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരിക്കുകയും ചെയ്താല്‍ രണ്ടു മുന്നണികളും ദുർബലമാകുമെന്ന ബിജെപിയുടെ വിലയിരുത്തലിലും മാറ്റം ഉണ്ടാകും. പിണറായി സർക്കാർ മൂന്നാം വട്ടം വന്നാല്‍ ബംഗാളിലെ പോലെ സിപിഎം സംഘടനാ സംവിധാനം സ്വയം അഴുകി നശിച്ചുപോകുമെന്നാണ് നിലവില്‍ ബിജെപി വിലയിരുത്തിയിരുന്നത്.

സ്ഥിരമായ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ആകട്ടെ നിലനില്‍പ്പിനായി കഷ്ടപ്പെടേണ്ടി വരും. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളില്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ ചില മണ്ഡലങ്ങളെങ്കിലും സിപിഎമ്മിനു മറിഞ്ഞതായി കരുതുന്നവരും വരാൻ പോകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി രഹസ്യമായി ചിലയിടങ്ങളിലെങ്കിലും പിന്തുണയ്ക്കുമെന്ന് കരുതുന്നവരും ഉണ്ട്.

എന്നാല്‍, അത്തരം രഹസ്യ ബന്ധത്തോടോ വോട്ടു മറിക്കലിനോടോ അനുകൂല നയം വേണ്ടെന്നു കേന്ദ്രം നിർദേശം നല്‍കിയിട്ടുണ്ട്. പിണറായി സർക്കാരിനെതിരായ പല സമരഘട്ടങ്ങളിലും ബിജെപി സംസ്ഥാന നേതൃത്വം ശക്തമായി നിന്നില്ലെന്ന ആക്ഷേപം ഉണ്ടായതും ഇതേ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താൻ .ശബരിമല സ്ത്രീ പ്രവേശനം, സ്വർണപ്പാളി പ്രശ്നം, ഇഡിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി കേസുകള്‍ എന്നിവയിലൊന്നും ബിജെപി വേണ്ടത്ര ചടുലമായ സമരമുറകള്‍ സ്വീകരിച്ചില്ല എന്നു കരുതുന്നവരുണ്ട്.

പിണറായിക്കെതിരായ അഴിമതിക്കേസുകളിലും കേന്ദ്ര ബിജെപി നേതൃത്വം പോലും മൃദുല നിലപാടാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. മറിച്ച്‌ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം പോലുള്ളവയില്‍ സിപിഎമ്മിന്റെ സഹായം ബിജെപിക്കു കിട്ടിയതായി കരുതുന്നുമുണ്ട്. അതിനിടയിലാണ് നയം മാറ്റത്തിന് ഒരുങ്ങുന്നത്.

വോട്ട് ബാങ്കില്‍ നോട്ടം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ന്യൂനപക്ഷ സമുദായങ്ങള്‍ ആയതിനാല്‍ കോണ്‍ഗ്രസിനെ പാടെ ഇല്ലാതാക്കാനോ കോണ്‍ഗ്രസ് മുന്നണിയെ ദുർബലമാക്കാനോ അത്ര എളുപ്പമല്ലെന്നു ബിജെപി കേന്ദ്ര നേതൃത്വവും മനസിലാക്കുന്നുണ്ട് .ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനം കൂട്ടാൻ പാർട്ടി നടത്തിയ ശ്രമങ്ങള്‍ ഇനിയും വേണ്ടത്ര വിജയിച്ചിട്ടില്ല.

എന്നാല്‍, സിപിഎമ്മിലെയും കമ്യൂണിസ്റ്റ് പാർട്ടികളിലെയും പ്രധാന അംഗങ്ങളും പിന്തുണയും ഹിന്ദു വിഭാഗത്തില്‍നിന്നാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി സിപിഎം ആണെന്ന നിരീക്ഷണം കേന്ദ്രനേതൃത്വത്തിനുണ്ട്. കോണ്‍ഗ്രസിനെ തകർത്തു മുഖ്യപ്രതിപക്ഷം ആകുന്നതിനേക്കാള്‍ നല്ലത് സിപിഎമ്മിനെ ചെറുത്തു മുന്നിലേക്കു വരുന്നതാണ് നല്ലതെന്നാണ് പുതിയ വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക