നിയമസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മാർച്ചില്‍ തുടങ്ങാനിരിക്കെ സംസ്ഥാനം അപ്രതീക്ഷിത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി സൂചന.കടമെടുപ്പ് പരിധി കേന്ദ്രം വൻതോതില്‍ വെട്ടിക്കുറച്ചതും പ്രശ്നമായി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്ബളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആശങ്ക.
നികുതി വരുമാനത്തിനു പുറമെ 2,000 കോടി രൂപ കേരളത്തിന് ഓരോ മാസവും അധികമായി ചെലവാകാറുണ്ട്. കടമെടുപ്പിലൂടെയാണ് ഇത് കണ്ടെത്തുന്നത്. സാമ്ബത്തികവർഷത്തിന്റെ അവസാനത്തില്‍ കരാറുകാർക്കും മറ്റും ബില്ല് മാറി നല്‍കേണ്ടതിനാല്‍ ചെലവ് കുത്തനെ ഉയരും. അവസാന പാദത്തില്‍ കരാറുകാർക്കും മറ്റുമായി 20,000 കോടി നല്‍കേണ്ടി വരും. ശമ്ബളവും പെൻഷനും നല്‍കാൻ 15,000 കോടി രൂപ വേറെയും വേണ്ടിവരും. ക്ഷേമപെൻഷൻ 2,000രൂപയായി വർദ്ധിപ്പിച്ചതിനാല്‍ വിതരണത്തിന് കൂടുതല്‍ തുകയും വേണം. നിലവിലെ സാഹചര്യത്തില്‍ ശമ്ബളവും പെൻഷനും വിതരണം ചെയ്യാൻ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
പ്രതിസന്ധിയുടെ 5കാരണങ്ങള്‍
1. ഇതുവരെയുള്ള ഓഡിറ്റ് അനുസരിച്ച് വരവിനെക്കാള്‍ 39,023 കോടിരൂപയാണ് സംസ്ഥാനത്തിന്റെ അധിക ചെലവ്. കഴിഞ്ഞ സാമ്ബത്തികവർഷം 28,976കോടിയായിരുന്നു വരവും ചെലവും തമ്മിലെ അന്തരം.
2. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജി.എസ്.ടിയും ഭൂനികുതിയും കുറഞ്ഞു. 13,074 കോടി രൂപയുടെ കേന്ദ്രഗ്രാൻഡില്‍ ഇതുവരെ കിട്ടിയത് 2,109 കോടി മാത്രം. വിവിധ സ്‌കീമുകളില്‍ കേന്ദ്രവുമായുള്ള തർക്കങ്ങളും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാത്തതുമാണ് കാരണം.
3. ജനുവരി മുതല്‍ മാർച്ച് വരെ 12,515 കോടി രൂപയാണ് കടമെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. ഇതില്‍ 5,944 കോടി രൂപയുടെ കുറവ് കേന്ദ്രം വരുത്തി ഇനി ബാക്കിയുള്ളത് 5,672 കോടി രൂപ മാത്രം.
4. സംസ്ഥാനസർക്കാർ ഗാരന്റിയുടെ തിരിച്ചടവ് ഉറപ്പാക്കാനുള്ള കരുതല്‍ ഫണ്ട് രൂപീകരിക്കാത്തതിന്റെ പേരില്‍ തടഞ്ഞുവച്ച 3300കോടി അനുവദിക്കാമെന്ന ഉറപ്പില്‍നിന്ന് കേന്ദ്രം അപ്രതീക്ഷിതമായി പിൻമാറി.
5. ശമ്ബളപരിഷ്‌കരണം പ്രഖ്യാപിച്ചാല്‍ ഏപ്രിലില്‍ മാത്രം 2000കോടിയുടെ എങ്കിലും അധികചെലവുണ്ടാകും. ബഡ്ജറ്റിലൂടെയുണ്ടാകാനിടയുള്ള പുതിയ ആനുകൂല്യങ്ങള്‍ ഏപ്രില്‍ മുതല്‍ നല്‍കിതുടങ്ങാനും പണം കണ്ടെത്തേണ്ടിവരും.

















