സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയർത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിർദ്ദേശങ്ങളുമായി ധവളപത്രം.വരുമാനത്തിന്റെ സിംഹഭാഗവും നിത്യനിദാന ചെലവുകള്‍ക്കായി മാറുന്ന സാഹചര്യം ദീർഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമായി നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ചെലവാകുന്നത് ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ്. നിലവില്‍ ജീവനക്കാർ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രായത്തിലാണ് വിരമിക്കുന്നത്. അതിനാല്‍ വിരമിക്കല്‍ പ്രായം കേന്ദ്രസർക്കാർ നിലവാരത്തിലേക്ക് (60 വയസ്സ്) ഉയർത്തണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിരമിക്കല്‍ പ്രായം ഒരു വർഷം വർദ്ധിപ്പിക്കുകയാണെങ്കില്‍ പെൻഷൻ ആനുകൂല്യങ്ങള്‍ നല്‍കുന്ന വകയില്‍ സംസ്ഥാനത്തിന് ഒരൊറ്റ വർഷം കൊണ്ട് ഏകദേശം 6,000 കോടി രൂപ ലാഭിക്കാനാകും. കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കല്‍ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്ന കാര്യം സംസ്ഥാനവും ഗൗരവമായി പരിഗണിക്കണം.

സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റലൈസേഷൻ എന്ന പേരില്‍ പഴയ ഫോമുകളും ഫയല്‍ നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റുന്നത് കൊണ്ട് മാത്രം കാര്യമായില്ല. നടപടിക്രമങ്ങള്‍ പൂർണ്ണമായും ലളിതമാക്കിയും ജനസൗഹൃദമാക്കിയും യഥാർത്ഥ ഡിജിറ്റല്‍ പരിഷ്കാരം നടപ്പാക്കണം.

ഇതിനായി എല്ലാ സർക്കാർ വകുപ്പുകള്‍ക്കും മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച്‌ നടപടിക്രമങ്ങള്‍ ലളിതമാക്കി സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാൻ ലക്ഷ്യം വെക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക