ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തില്‍ കേരളത്തിലെ തൃശ്ശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങില്‍ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്യുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.
നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതല്‍ ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമാക്കാനുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ ചിഹ്നത്തിന്റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു തുറന്ന ദേശീയ മത്സരത്തിലൂടെ ഈ ഔദ്യോഗിക ചിഹ്നം രൂപകല്‍പ്പന ചെയ്യുന്നതിനും പേരിടുന്നതിനും പൗരന്മാരെ ക്ഷണിച്ചതിലൂടെ, ആധാറിൻ്റെ ഒരു പ്രധാന തത്വം യുഐഡിഎഐ വീണ്ടും ഊട്ടിയുറപ്പിച്ചുവെന്ന് സിഇഒ ഭുവ്‌നേഷ് കുമാർ പറഞ്ഞു. പങ്കാളിത്തം വിശ്വാസവും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ആധാർ ഒരു പൊതു സേവനമെന്ന നിലയില്‍ ജനങ്ങളുമായി എത്രത്തോളം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ മത്സരത്തിന് ലഭിച്ച വൻ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഔദ്യോഗിക ചിഹ്നം ഒരു സഹായിയായും ആഖ്യാതാവായും അതിൻ്റെ യാത്ര ആരംഭിക്കുന്നതോടെ, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാൻ ഇത് പൗരന്മാരെ സഹായിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ വിവേക് സി. വർമ്മ പറഞ്ഞു.
ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം
ആധാർ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനായി യുണീക്ക് ഐഡൻ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇന്ന് ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ ആപേക്ഷികവും ജനസൗഹൃദപരവുമാക്കുന്നതിന് ഉദയ് എന്ന പേര് നല്‍കിയിരിക്കുന്ന ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം സഹായകമാകും. ആധാർ വിവരങ്ങള്‍ പുതുക്കല്‍, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തിരഞ്ഞെടുത്ത വിവരങ്ങള്‍ പങ്കിടല്‍, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കല്‍, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിൻ്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ഇത് ലളിതമാക്കും.
ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി, മൈ ഗവ. പ്ലാറ്റ്‌ഫോമിലൂടെ ദേശീയതലത്തില്‍ ഡിസൈൻ, പേര് കണ്ടെത്തല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രീതിയാണ് യുഐഡിഎഐ സ്വീകരിച്ചത്. രാജ്യമെമ്ബാടും നിന്ന് ആവേശകരമായ പ്രതികരണമാണ് ഇതിന് ലഭിച്ചത്. വിദ്യാർത്ഥികള്‍, പ്രൊഫഷണലുകള്‍, ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരില്‍ നിന്നായി 875 എൻട്രികള്‍ യുഐഡിഎഐക്ക് ലഭിച്ചു. ഓരോ എൻട്രിയും ആധാർ തങ്ങള്‍ക്ക് എന്താണെന്നതിന്റെ സവിശേഷമായ വ്യാഖ്യാനങ്ങളായിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിഷ്പക്ഷതയും സൂക്ഷ്മതയും ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളിലുള്ള മൂല്യനിർണ്ണയ രീതിയാണ് സ്വീകരിച്ചത്. പൊതുജനങ്ങളുടെ ഭാവനയില്‍ വിരിഞ്ഞതും സ്ഥാപനപരമായ കൃത്യതയിലൂടെ മിനുക്കിയെടുത്തതുമായ മനോഹരമായ ഒരു സൃഷ്ടിയാണ് ഈ പ്രക്രിയയിലൂടെ ഉദയം ചെയ്തത്.
ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച മത്സരത്തില്‍ കേരളത്തിലെ തൃശ്ശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുല്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും, ഉത്തർപ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള കൃഷ്ണ ശർമ്മ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നല്കുന്നതിനുള്ള മത്സരത്തില്‍ ഭോപ്പാലില്‍ നിന്നുള്ള റിയ ജെയിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പൂനെയില്‍ നിന്നുള്ള ഇദ്രിസ് ദാവൈവാലയും ഹൈദരാബാദില്‍ നിന്നുള്ള മഹാരാജ് ശരണ്‍ ചെല്ലാപിള്ളയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.







