കെ.എസ്.ആർ.ടി.സി സാമ്പത്തികമായി ലാഭത്തിലാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ തുടർച്ചയായുള്ള പ്രസ്താവനയ്ക്കെതിരെ സുപ്രിംകോടതി.ലാഭത്തിലാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങള്‍ വൈകുന്നത് എന്ന് സുപ്രിംകോടതി ചോദിച്ചു.
ഒരേ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസുകള്‍ ലാഭകരമായി മുന്നോട്ട് പോകുമ്പോള്‍, ദീർഘദൂര സർവീസുകള്‍ നടത്തുകയും, സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്‌ആർടിസി മാത്രം എന്തുകൊണ്ടാണ് ഇത്ര വലിയ നഷ്ടം നേരിടുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
സ്വകാര്യ മേഖലയ്ക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന അതേ റൂട്ടുകളില്‍ ഓടിയിട്ടും എന്തുകൊണ്ടാണ് കെഎസ്‌ആർടിസിക്ക് നഷ്ടം സംഭവിക്കുന്നത്? ഇത്രയും വലിയ സാമ്പത്തിക ബാധ്യത സഹിച്ച് എന്തിനാണ് സ്ഥാപനം ഇത്തരത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും സുപ്രിംകോടതി ആരാഞ്ഞു. പിഎഫ് തുകയും പെൻഷൻ ആനുകൂല്യങ്ങളും ജീവനക്കാരുടെ അവകാശമാണ്. അത് സ്ഥാപനം നല്‍കുന്ന ചാരിറ്റി (ദാനം) അല്ലെന്ന് കോടതി കർശനമായി ഓർമ്മിപ്പിച്ചു.
കോടതിയുടെ ചോദ്യങ്ങള്‍ക്ക് കെഎസ്‌ആർടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അബിദ് അലി ബീരാൻ, സ്റ്റാൻഡിംഗ് കൗണ്‍സല്‍ പ്രണവ് കൃഷ്ണ എന്നിവർ മറുപടി നല്‍കി.
കെഎസ്‌ആർടിസി ലാഭം മാത്രം നോക്കിയല്ല പ്രവർത്തിക്കുന്നത്. കളക്ഷൻ കുറവാണെങ്കിലും പൊതുജനതാല്‍പര്യം മുൻനിർത്തി പല ഉള്‍നാടൻ റൂട്ടുകളിലും സർവീസ് നടത്തുന്നുണ്ട് എന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.
വിരമിച്ച വെഹിക്കിള്‍ ഇൻസ്പെക്ടർ പ്രദീപ് നായർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. പെൻഷൻ വിതരണത്തില്‍ കൃത്യമായ സീനിയോറിറ്റി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും, ആവശ്യമെങ്കില്‍ വിഷയത്തില്‍ നേരിട്ട് ഇടപെടേണ്ടി വരുമെന്നും കോടതി സൂചന നല്‍കി. പെൻഷനുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ നിലവില്‍ സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലുണ്ട്.

















