സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കാനുള്ള നീക്കത്തിന് ജീവനക്കാരുടെ സംഘടനകള്‍ പച്ചക്കൊടി കാട്ടി. ചീഫ് സെക്രട്ടറി ഡോ. വി. വേണു വിളിച്ചുചേർത്ത ഓണ്‍ലൈൻ യോഗത്തിലാണ് സർവീസ് സംഘടനകള്‍ ഈ നിർദ്ദേശത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ശമ്പള പരിഷ്കരണ കമ്മീഷനും ഭരണ പരിഷ്കരണ കമ്മീഷനും മുന്നോട്ടുവെച്ച ഈ ശുപാർശ നടപ്പിലായാല്‍ ശനിയാഴ്ച കൂടി സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കും.
പ്രവർത്തി ദിനങ്ങള്‍ അഞ്ചായി ചുരുക്കുമ്പോള്‍ നഷ്ടപ്പെടുന്ന സമയം നികത്താൻ പ്രതിദിന പ്രവർത്തി സമയം വർദ്ധിപ്പിക്കുന്നതിനോട് സംഘടനകള്‍ യോജിച്ചു. രാവിലെയും വൈകുന്നേരവുമായി സമയം ക്രമീകരിക്കും. എന്നാല്‍, നിലവിലുള്ള പൊതു അവധികളും കാഷ്വല്‍ ലീവുകളും വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കത്തെ സംഘടനകള്‍ കടുത്ത ഭാഷയില്‍ എതിർത്തു. ആനുകൂല്യങ്ങള്‍ കുറച്ചുകൊണ്ടുള്ള പരിഷ്കരണം അംഗീകരിക്കില്ലെന്ന് അവർ വ്യക്തമാക്കി.
ആശുപത്രികളുടെയും മറ്റും പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കായി പ്രത്യേക തീരുമാനങ്ങള്‍ വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയർന്നു. പ്രാഥമികമായ അഭിപ്രായ ശേഖരണമാണ് നടന്നതെന്നും വിയോജിപ്പുള്ള കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ തുടർചർച്ചകള്‍ നടത്താമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമാകും ഈ കാര്യത്തില്‍ അന്തിമ വിജ്ഞാപനം പുറത്തിറങ്ങുക.
















