സംസ്ഥാനത്തെ മൂന്ന് ക്ഷേമ ബോർഡുകളില്‍ മാത്രം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ളത് 500 കോടിയിലേറെ രൂപ.ഒന്നര മുതല്‍ എട്ട് വരെ വർഷത്തെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് ടി. സിദ്ദീഖിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

തൊഴില്‍ വകുപ്പിന് കീഴില്‍ 16 തൊഴിലാളി ക്ഷേമബോർഡുകളാണുള്ളത്. ഇതില്‍ കർഷകത്തൊഴിലാളി ക്ഷേമബോർഡിലാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്. 60 വയസ് കഴിഞ്ഞവരോ മരിച്ചവരോ മാരകരോഗം ബാധിച്ചവരോ ആയ അംഗങ്ങള്‍ക്ക് നല്‍കുന്ന അധിവർഷാനുകൂല്യം 4.92 കോടി വിതരണം ചെയ്യാനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ ധനസഹായത്തില്‍ 2.21 കോടിയും പ്രസവസഹായത്തില്‍ 8.81 കോടിയും കുടിശ്ശികയാണ്. സർക്കാർ ബജറ്റില്‍ വകയിരുത്തി നല്‍കുന്ന തുകയില്‍ നിന്നാണ് അധിവർഷാനുകൂല്യം പ്രധാനമായും നല്‍കുന്നത്. 2018 മാർച്ചിന് ശേഷം ഈ തുക വിതരണം ചെയ്തിട്ടില്ല.

കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമബോർഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഏത് വരെ നല്‍കിയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, 2.34 കോടി രൂപ നല്‍കാനുള്ളതില്‍ മരണാനന്തര ചടങ്ങുകള്‍ക്കുള്ള സഹായം 45.88 ലക്ഷം രൂപ കുടിശ്ശികയാണ്. വിവാഹ ധനസഹായം 10.68 കോടി, പ്രസവാനുകൂല്യം 53 ലക്ഷം, എസ്.എസ്.എല്‍.സി. പഠനസഹായം 26 ലക്ഷം, എസ്.എസ്.എല്‍.സി ക്യാഷ് അവാർഡ് 8.52 ലക്ഷം, സ്കോളർഷിപ്പ് 88 ലക്ഷം, മാരക രോഗങ്ങള്‍ക്കുള്ള ചികിത്സ രണ്ടുകോടി, അപകട ചികിത്സ 66 ലക്ഷം, മരണാനന്തര സഹായം 5.18 കോടി, അപകടമരണം 80 ലക്ഷം, റീഫണ്ട് ഒരു കോടി, സംസ്കാരം 1.18 കോടി കുടിശ്ശികയുണ്ട്.

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയില്‍ 2024 ഒക്ടോബർ മുതലുള്ള പെൻഷൻ കുടിശ്ശികയാണ്. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിയിലെ പെൻഷൻ കുടിശ്ശികയായത് ബാങ്ക് അക്കൗണ്ട് തകരാറും മസ്റ്ററിങ്ങിലെ പ്രശ്നങ്ങളുമാണെന്നാണ് വിശദീകരണം. ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധിയില്‍ പ്രസവ ധനസഹായം 2022 ജനുവരി മുതല്‍ നല്‍കിയിട്ടില്ല. സർക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കും മുറക്കാണ് ഈ സഹായം നല്‍കുന്നത്. 4.95 കോടി രൂപ ഈ നിധിയില്‍ കുടിശ്ശികയാണ്.

കശുവണ്ടി തൊഴിലാളി ക്ഷേമനിധിയിലെ അവശത പെൻഷൻ 2022 ഒക്ടോബർ മുതല്‍ 2023 ജനുവരി വരെയും 2025 ഓഗസ്റ്റ് മുതല്‍ 2026 ജനുവരി വരെയും വിതരണം ചെയ്തിട്ടില്ല. കേരള ലേബർ വെല്‍ഫെയർ ഫണ്ട് ബോർഡിലെ കുടിശ്ശികയുള്ള വിദ്യാഭ്യാസ ആനുകൂല്യം 2026 മാർച്ചിനകം വിതരണം ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും കുടിശ്ശിക എത്രയെന്ന് വിശദീകരിക്കുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക