മാലിന്യ സംസ്കരണ പദ്ധതികൾ രാജ്യത്ത് തന്നെ ഏറ്റവും വൃത്തികെട്ട രീതിയിൽ നടപ്പാക്കുന്നത് പാലാ നഗരസഭയിൽ ആയിരിക്കാനാണ് സാധ്യത. ഇതിന്റെ ഏക ഉത്തരവാദികൾ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത പാലായിലെ നഗരസഭ ഭരണകൂടം തന്നെയാണ്. 9 വർഷങ്ങൾക്കു മുമ്പ് കുര്യാക്കോസ് പടവൻ നഗരസഭ അധ്യക്ഷനായിരുന്നപ്പോൾ നഗരസഭ പരിധിയിലുള്ള വീടുകളിലേക്ക് നൽകിയ സ്റ്റീൽ അടപ്പ് പിടിപ്പിച്ച പിവിസി പൈപ്പ് മാത്രമാണ് പാലാ നഗരസഭ ഒരു പതിറ്റാണ്ടിനിടയ്ക്ക് നടപ്പാക്കിയ കാര്യക്ഷമമായ മാലിന്യനിർമാർജന സംസ്കരണ പദ്ധതി എന്നതാണ് യാഥാർത്ഥ്യം.
ഖര/ജൈവമാലിന്യ ക്രിയാത്മകമായ ഒരു പദ്ധതിയും നഗരസഭാ പരിധിയിൽ എങ്ങും നടപ്പാക്കുന്നില്ല. കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് യൂസർ ഫീ ഈടാക്കിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭവനങ്ങളിൽ നിന്ന് ശേഖരിക്കുന്നുണ്ടെങ്കിലും, ഫീസ് അടച്ച വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ഈ ശേഖരണം കാര്യക്ഷമമായി നടക്കുന്നില്ല എന്ന ആക്ഷേപവും സജീവമാണ്. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുവാനും കഴുകി വൃത്തിയാക്കുവാനും വേണ്ട സംവിധാനങ്ങൾ എല്ലാ നഗരസഭകളും ഒരുക്കണമെന്ന് അഞ്ചുവർഷം മുൻപേ ഉത്തരവിറങ്ങിയിട്ടും പാലാ നഗരസഭയിൽ ഇതിനുവേണ്ടിയുള്ള ഒരു പ്രവർത്തനവും നടത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
വെള്ളത്തിപ്പൊക്കത്തിൽ ഒലിച്ചു പോകുവാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂട്ടുന്നത് നഗരസഭ ഓഫീസിന് താഴെ
പാലാ നഗരസഭയുടെ ഡബ്ബിങ് യാർഡും മാലിന്യ സംസ്കരണ കേന്ദ്രവും എല്ലാം പാലായുടെ ജലസ്രോതസായ മീനച്ചിലാറാണ്. മീനച്ചിലാറ്റിലേക്ക് മാലിന്യങ്ങൾ പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിനായി സംഭരണ കേന്ദ്രം ആക്കിയിരിക്കുന്നത് നഗരസഭ ഓഫീസിന്റെ പരിസരം തന്നെയാണെന്നുള്ളതാണ് യാഥാർത്ഥ്യം. മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരസഭ ഓഫീസിന്റെ പരിസരത്ത് കുന്നു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വെള്ളപ്പൊക്ക സമയത്തും കടുത്ത മഴ പെയ്യുന്ന സമയങ്ങളിലും മിനച്ചിലാറിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതുകൊണ്ട് അഞ്ചു പൈസ ചെലവില്ലാതെയാണ് പാലാ നഗരസഭ പ്ലാസ്റ്റിക് മാലിന്യനിർമാർജനം നടത്തുന്നത്.
സ്ലോട്ടർ ഹൗസും ഡബ്ബിങ് യാർഡും ഇല്ലാത്ത കേരളത്തിലെ ഏക നഗരസഭ പാലായോ?
സ്ലോട്ടർ ഹൗസും ഡബ്ബിങ് ഗാർഡും ഇല്ലാത്ത കേരളത്തിലെ ഏക നഗരസഭയും പാലാ ആകാനാണ് സാധ്യത. കേരളത്തിൽ തന്നെ ആദ്യമായി സ്ലോട്ടർ ഹൗസ് ഉണ്ടായിരുന്ന പാലാ നഗരസഭയിൽ അത് ഇല്ലാതാക്കിയതിന്റെ ഖ്യാതി അവകാശപ്പെടാൻ കഴിയുന്നത് പതിറ്റാണ്ടുകളായി പാലാ നഗരസഭ ഭരിക്കുന്ന കേരള കോൺഗ്രസ് പാർട്ടിക്ക് മാത്രമാണ്. ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ഡബ്ബിങ് യാർഡിനായി സ്ഥലം കണ്ടെത്തി ഒരിക്കലും നടപ്പാക്കാൻ ആകാത്ത രീതിയിൽ പദ്ധതി ആവിഷ്കരിച്ചതും നഗരസഭാ ഭരണകൂടങ്ങളുടെ കാര്യക്ഷമതയാണ് എന്ന് വിലയിരുത്തേണ്ടി വരും.
മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ പാലായുടെ മുഖമുദ്ര
രണ്ടായിരത്തിലധികം എഫ്&ബി ലൈസൻസുകൾ നഗരസഭ പരിധിക്കുള്ളിൽ തന്നെ അനുവദിച്ചിട്ടുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളിൽ മാത്രമേ പൊലൂഷൻ കൺട്രോൾ ബോർഡ് നിഷ്കർഷിക്കുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുള്ളു. പാലായിലെ തട്ടുകടകൾ മുതൽ വൻകിട ഹോട്ടലുകൾ വരെയും മാലിന്യം ഒഴുക്കിവിടുന്നത് മീനച്ചിലാറ്റിലേക്ക് ആണ്. ഇതിനു നേരെ കണ്ണടയ്ക്കുന്ന ഭരണകൂടത്തിനും അധികൃതർക്കും കീശ നിറയുന്നുണ്ട് എന്ന് നാം സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
കോണകം പുരപ്പുറത്ത്
ഇത്രയെല്ലാം കഴിവുകെട്ട ഭരണകൂടം ആണെങ്കിലും കോണകം പുരപ്പുറത്ത് എന്ന പഴഞ്ചൊല്ല് പറയുന്നതുപോലെയാണ് നഗരസഭയുടെ ചില ചെപ്പടി വിദ്യകൾ. കാര്യക്ഷമമായ ഒരു മാലിന്യ സംസ്കരണ നിർമ്മാർജ്ജന പദ്ധതികളും ഇല്ലെങ്കിൽ കൂടിയും കൗൺസിലർമാരുടെയും ചില അധികൃതരുടെയും ആഭിമുഖ്യത്തിൽ വ്യാജ രേഖകളും റെക്കോർഡുകളും തട്ടിക്കൂട്ടി മാലിന്യ സംസ്കരണ നിർമാർജന പദ്ധതികളുടെ കാര്യക്ഷമതയുടെ പേരിൽ സംസ്ഥാനതല അംഗീകാരങ്ങൾ നേടിയെടുക്കുവാനുള്ള നഗരസഭാ ഭരണകൂടത്തിന്റെ ശ്രമങ്ങളാണ് ഏറ്റവും അപലപനീയമായ വിഷയം. സർക്കാർ ഉത്തരവുകളും നിയമങ്ങളും കാറ്റിൽ പറത്തി അധികാരത്തിന്റെ ലഹരിയാസ്വദിക്കുന്ന നഗരസഭയിലെ കോക്കസ് ചില നഗരസഭ അധികൃതരുടെ കൂടി ഒത്താശയോടെ വലിയ തട്ടിപ്പിൻ ആണ് ഇപ്പോൾ ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ വ്യാജരേഖകൾ തയ്യാറാക്കി കാര്യക്ഷമമായ മാലിന്യനിർമാർജന പദ്ധതികൾ ഉണ്ട് എന്ന അവകാശവാദം ഉന്നയിക്കാനും ഇവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ തകൃതിയായി നഗരസഭയിൽ നടക്കുന്നത്.

















