പാലാ നഗരസഭയില്‍ ഭരണം പിടിക്കാൻ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ തല പുകയ്ക്കുമ്ബോള്‍ ഭരണത്തിന് നിർണായക പിന്തുണ നല്‍കേണ്ട പുളിക്കകണ്ടം ബ്രദേഴ്സ് തീർഥാടനത്തിലാണ്. പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയ സ്ഥാനാർത്ഥികളായി വിജയിച്ച ബിനു പുളിക്കകണ്ടം, സഹോദരൻ ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകൾ ദിയ പുളിക്കകണ്ടം എന്നിവരാണ് പഴനി, വേളാങ്കണി തീർത്ഥാടന കേന്ദ്രങ്ങൾ സന്ദര്ശിച്ചത്. നേർച്ചയുടെ ഭാഗമായി ബിനുവും ബിജുവും തലമൊട്ടയടിക്കുകയും ചെയ്തു. ബിനു കഴിഞ്ഞ 20 വര്ഷമായി ഓരോ തെരഞ്ഞെടുപ്പിലും വിജയിച്ചു കഴിയുമ്പോൾ പഴനിയിലും വേളാങ്കണ്ണിയിലും തീർത്ഥാടനം നടത്തുക പതിവാണ്.
പത്തംഗ സംഘം: സ്വതന്ത്ര കൂട്ടായ്മയ്ക്ക് വേണ്ടി പ്രവർത്തിച്ച പത്തോളം പ്രവർത്തകരെയും ഇത്തവണ തീര്ഥാടനത്തിനു കൊണ്ടുപോയി. ഇവരും തലമൊട്ടയടിച്ചാണ് മടങ്ങുന്നത്. വലിയ ബസിലായിരുന്നു യാത്ര. തീർത്ഥാടനത്തിനു ശേഷം ഇന്നു വൈകുന്നേരത്തോടെ പാലാ മുരിക്കുംപുഴയിലുള്ള വീട്ടിൽ തിരിച്ചെത്തും. ഭാവി പ്രവർത്തനങ്ങളും രാഷ്ട്രീയ തീരുമാനങ്ങൾക്കുമായി 21നു സത്യപ്രതിജ്ഞയ്ക്കു ശേഷം വൈകുന്നേരം മൂന്നു വാർഡിലെയും ജനസഭ വിളിച്ചു ചേർത്തിട്ടുണ്ട്. സ്വതന്ത്ര കൂട്ടായ്മ കൗണ്സിലർമാരുടെ ഭാവി പ്രവർത്തനങ്ങൾ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.
എൽഡിഎഫിനോ, യുഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ നിര്ണായകമാണ്. ഇരു മുന്നണികളുടെയും നേതാക്കൾ ഇവരുമായി ചർച്ചകൾ തുടരുകയാണ്. മൂന്നു പേർക്കെതിരെയും യുഡിഎഫ് സ്ഥാനാര്ഥികളെ നിര്ത്തിയിരുന്നില്ല. അതിനാൽ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.
















