അനാഥരും ആലംബഹീനരുമായ മാനസിക രോഗികളുടെ അഭയ കേന്ദ്രമാണ് പാലാ മരിയ സദനം. മരിയ സദനം സന്തോഷ് എന്ന പേരിൽ കേരളത്തിന് സുപരിചിതനായ സന്തോഷ് ജോസഫ് 28 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് ഈ അഭയ കേന്ദ്രം. ഇന്ന് 500 ഓളം ആലംബഹീനരുടെ വസതി കൂടിയാണ് ദൈവത്തിൻറെ കയ്യൊപ്പുള്ള ഈ ഭവനം. സന്തോഷ് ജോസഫ് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളും മരിയ സദനത്തിലെ മറ്റ് അന്തേവാസികളോടൊപ്പം തന്നെയാണ് കഴിയുന്നത്.
സന്തോഷ് ജോസഫിന്റെ കുടുംബാംഗങ്ങൾ അടക്കം 53 ഓളം പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകാലങ്ങളിലെ തദ്ദേശ നിയമസഭ ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഇവരൊക്കെയും വോട്ട് ചെയ്യാറുമുണ്ടായിരുന്നു. എന്നാൽ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മരിയ സദനത്തിലെ അന്തേവാസികളോ, നടത്തിപ്പുകാരോ വോട്ട് ചെയ്യാൻ എത്തിയില്ല എന്ന വാർത്തയാണ് ശ്രദ്ധേയമാകുന്നത്. മരിയ സദനത്തിലെ അന്തേവാസികളുടെ വോട്ട് ചേർത്തതിൽ ക്രമക്കേടുണ്ട് എന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി കേസ് നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് ഈ കേസ് തള്ളുകയാണ് ഉണ്ടായത്. ഈ സംഭവത്തെ തുടർന്നുള്ള മനോവിഷമമാണ് വോട്ടിങ്ങിൽ നിന്ന് വിട്ടുനിൽക്കുവാൻ മരിയസദനം സന്തോഷിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
മരിയസദനം സന്തോഷ് പറയുന്നത്
താൻ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമല്ലം എന്ന് മരിയ സദനം സന്തോഷ് വ്യക്തമാക്കുന്നു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുടെ അനുകൂല്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങളുമായി താൻ മുന്നോട്ടുപോകുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകളിൽ ഒരുവിധത്തിലുള്ള പക്ഷപാതിത്വവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. എല്ലാ സ്ഥാനാർത്ഥികൾക്കും വോട്ടുള്ള അന്തേവാസികളോട് വോട്ട് തേടാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വോട്ട് ചെയ്യാതിരുന്നാൽ ഏതെങ്കിലും ഒരു വിഭാഗം തോറ്റതിന് ഏതെങ്കിലും ഒരു വിഭാഗം ജയിച്ചതിനോ താൻ ഉത്തരവാദി ആവുകയില്ലല്ലോ എന്ന തോന്നലിലാണ് വോട്ടിങ്ങിൽ നിന്ന് വിട്ടുനിന്നതും അദ്ദേഹം വ്യക്തമാക്കി.
വിവാദം ഇങ്ങനെ
700ഓളം വോട്ടുകളുള്ള പാലാ നഗരസഭയിലെ പതിനേഴാം വാർഡിലാണ് മരിയ സദനം. ഇവിടെ നിന്നുള്ള വോട്ടുകൾ ഏകപക്ഷീയമായി തങ്ങൾക്ക് കിട്ടുമെന്നുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് വൃത്തങ്ങളുടെ പ്രചാരണമാണ് ഇത്തരം നിർഭാഗ്യകരമായ ഒരു സാഹചര്യത്തിന് വഴിവച്ചതെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ തോൽവി ഭയന്ന് ചില കേന്ദ്രങ്ങൾ നടത്തിയ വ്യാജ പ്രചരണങ്ങളാണ് ഇത്തരം ദൗർഭാഗ്യകരമായ ഒരു സാഹചര്യം ഒരുക്കിയത് എന്ന നിലപാടാണ് മറു വിഭാഗം ഈ വിഷയത്തിൽ ഉയർത്തുന്നത്.ഏതൊക്കെയാണെങ്കിലും പരസ്യമായി വിഷയം ഉയർത്തുന്നില്ലെങ്കിൽ കൂടിയും എൽഡിഎഫും യുഡിഎഫും വിഷയത്തിൽ പരസ്പരം പഴിചാരുകയും പരസ്പരം ചെളി വാരി എറിയുകയും ചെയ്യുന്നുണ്ട്.
കേവലമായ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഇടമായി മരിയ സദനത്തെ കാണുന്നതും, അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് മരിയ സദനത്തെ വലിച്ചിഴയ്ക്കുന്നതും അനാരോഗ്യകരമായ ഒരു പ്രവണതയാണെന്ന് പറയേണ്ടിയിരിക്കുന്നു. ജാതിമത വർണ്ണ വർഗ്ഗ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നിരവധി ആളുകൾ പിന്തുണയ്ക്കുന്ന ഒരു പ്രസ്ഥാനമാണ് മരിയ സദനം. മനുഷ്യ സ്നേഹത്തിൻറെ ഉദാത്ത മാതൃകയായി നൂറുകണക്കിന് അനാഥരും ആലംബഹീനരും മാനസിക വൈകല്യം ഉള്ളവരുമായ ആളുകൾക്ക് അത്താണിയായ ഒരു സ്ഥാപനം ഇത്തരത്തിൽ ഒരു രാഷ്ട്രീയ വിവാദത്തിന്റെ കേന്ദ്രബിന്ദുവാകുന്നതിന്റെ ഉത്തരവാദിത്വവും അതിനാൽ തന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കാണ്.

















