പാലാ നഗരസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് അധികാരം പിടിച്ച യുഡിഎഫ് പിന്തുണയുള്ള ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് ആയിരുന്നു ഇന്നലെ. വൈസ് ചെയർപേഴ്സൺ മായാ രാഹുൽ അവതരിപ്പിച്ച ബഡ്ജറ്റ് പുതിയ ഭരണസമിതിയുടെ വികസന, ക്ഷേമ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതും, അമിതമായ അവകാശവാദങ്ങൾ ഇല്ലാത്തതും യാഥാർത്ഥ്യബോധത്തിന് നിരക്കുന്നതും ആയിരുന്നു. ബഡ്ജറ്റിൽ യുഡിഎഫിനെ വിമർശിക്കുവാൻ ഒരു പഴുതു പോലും ലഭിക്കാതിരുന്ന പ്രതിപക്ഷം തങ്ങൾ ബഡ്ജറ്റിന് പൂർണ്ണ പിന്തുണ നൽകുന്നു എന്നും ജോസ് കെ മാണിയുടെ പേര് ബഡ്ജറ്റിൽ പരാമർശിക്കാത്തതിൽ മാത്രം തങ്ങൾക്ക് പ്രതിഷേധമുണ്ട് എന്നും അറിയിച്ച് പിൻവാങ്ങി.
മുന്നോട്ടുവെക്കുന്നത് ക്ലീൻ പാല എന്ന ആശയവും, തൂക്ക് പാലത്തിലൂടെ ടൂറിസം വികസനവും, ആർ വി പാർക്ക് പുനരുദ്ധാരണവും ഉൾപ്പെടെയുള്ള പദ്ധതികളും
ക്ലീൻ പാല എന്ന ആശയവും അതിനോട് ചേർന്ന് നിർദിഷ്ട തൂക്കുപാലം പദ്ധതിയിലൂടെ ടൂറിസം വികസനവും നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആർ വി പാർക്കിന്റെ പുനരുദ്ധാരണവും ആണ് പ്രധാനപ്പെട്ട പദ്ധതികൾ. ആർ വി പാർക്കിൽ എല്ലാ വാരാന്ത്യങ്ങളിലും വ്യാപാരമേളയും, സാംസ്കാരിക/ കലാപരിപാടികളും സംഘടിപ്പിച്ച് കുടുംബങ്ങൾക്ക് സുരക്ഷിതമായ നൈറ്റ് ലൈഫ് അനുഭവവും പ്രദാനം ചെയ്യുവാനുമുള്ള വിപുലമായ പദ്ധതിക്കാണ് പണം വകയിരുത്തിയിരിക്കുന്നത്. നിർദിഷ്ട തൂക്കുപാലം ടൗണിനെയും തെക്കേക്കരയെയും ബന്ധിപ്പിക്കുമ്പോൾ വൻ ടൂറിസം സാധ്യതകളും തനത് വരുമാനവും നഗരസഭ പ്രതീക്ഷിക്കുന്നു.
ദീർഘവീക്ഷണം ഇല്ലാതെ നിർമ്മിച്ച് ഉപയോഗശൂന്യമായി മാറിയ അമിനിറ്റി സെന്ററും ലണ്ടൻ ബ്രിഡ്ജും ഇതോടുകൂടി ഉപയുക്തമാക്കാം എന്ന ആശയമാണ് ഭരണസമിതിക്കുള്ളത്. ജനറൽ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിവിഷൻ, പാൻ മസാല ഷോപ്പുകൾക്ക് കടിഞ്ഞാണിട്ട് ലഹരി വ്യാപനം തടയൽ, അതുപോലെതന്നെ പൊതുജനങ്ങളുടെ സഹകരണത്തോടെ സാമൂഹ്യ വാച്ച് ഗ്രൂപ്പുകൾ എന്നിവയും പ്രധാന പദ്ധതികൾ ആണ്. സാമൂഹ്യ ക്ഷേമത്തിന് ഊന്നൽ നൽകുന്ന മറ്റു പദ്ധതികളും ബഡ്ജറ്റിനോട് ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ലീൻ പാലാ – മായാ രാഹുലിന്റെ ലളിതമായ ആശയം
ലളിതമായതും എന്നാൽ പാലാ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ പര്യാപ്തവുമായ ക്ലീൻ പാല എന്ന ആശയം വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ബഡ്ജറ്റ് തീമായി ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി. നഗര ശുചീകരണത്തിന് ലളിതമായ ചട്ടക്കൂട് ഒരുക്കിക്കൊണ്ട് പുതുമാനങ്ങൾ നൽകാനാണ് ശ്രമിക്കുന്നത്. പൊതുജനങ്ങളുടെ അർത്ഥവത്തായ പങ്കാളിത്തം ഉണ്ടായാൽ ഇത് പാലാ നഗരത്തെ ഒരു മാതൃക നഗരമാക്കുന്നതിന് വലിയ കൈത്താങ്ങാകും എന്ന കാര്യത്തിലും സംശയമില്ല.

















