പാലാ നഗരസഭയുടെ കീഴിലുള്ള ആശുപത്രികളിൽ എച്ച് എം സി നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ മുറുകുന്നു. പ്രതിപക്ഷത്ത് ആണെങ്കിൽ പോലും തങ്ങളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാതെ എച്ച് എം സി രൂപീകരണം പൂർത്തിയാക്കുവാൻ അനുവദിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപടവന്റെ നിലപാട്. ആക്ടിന് വിഭിന്നമായി ഗവൺമെൻറ് ഉത്തരവ് അനുസരിച്ച് നിയമസഭയിൽ എംഎൽഎമാർ ഇല്ലെങ്കിലും നഗരസഭയിൽ കൗൺസിലർമാർ ഉള്ളതിനാൽ പാർട്ടിയുടെ പ്രതിനിധിയെ എച്ച്എംസിയിൽ ഉൾപ്പെടുത്തണമെന്ന് ബിജു ആവശ്യപ്പെടുന്നു. ഇതിനുപുറമേ മൂന്ന് പൊതുപ്രവർത്തകരെ എച്ച്എംസികളിൽ ഉൾപ്പെടുത്തുന്നതിൽ ഒരാൾ തങ്ങളുടെ നോമിനി ആകണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്.
പാർട്ടി പ്രതിനിധിയെ എച്ച്എംസിയിൽ ഉൾപ്പെടുത്തുവാൻ യുഡിഎഫ് സമ്മതിച്ചിട്ടുണ്ട്. ഗവൺമെൻറ് ഉത്തരവനുസരിച്ച് വേണമെങ്കിൽ ഉൾപ്പെടുത്താം എന്ന് മാത്രമാണ് പറയുന്നത് എന്നും പ്രതിപക്ഷത്തിന് ഈ ആനുകൂല്യം അനുവദിക്കണമെങ്കിൽ മറ്റു നിയമനങ്ങൾ ഐക്യകണ്ഠേന അംഗീകരിക്കണം എന്നുമുള്ള ഡിമാൻഡ് ആണ് ഭരണപക്ഷമായ യുഡിഎഫ് മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാൽ പൊതുപ്രവർത്തക വിഭാഗത്തിൽ നിന്നും ഒരാളെ കൂടി കിട്ടണമെന്ന് മാണി ഗ്രൂപ്പ് ശഠിക്കുന്നുണ്ട്. മാണി ഗ്രൂപ്പിന്റെ വാർത്താ എഴുത്തുകാരനും, മുൻ ഭരണസമിതി അംഗവുമായ ജെയ്സൺ മാന്തോട്ടത്തെ ഭരണസമിതിയിൽ ഉൾപ്പെടുത്തുന്നതിനായിട്ടാണ് ഈ സമ്മർദ്ദം എന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഭവിക്കാൻ പോകുന്നത് എന്ത്?
പൊതുപ്രവർത്തക വിഭാഗത്തിൽ നിന്നുള്ള നോമിനികൾ ഒഴികെ യുഡിഎഫ് നിർദേശിച്ച എല്ലാ അംഗങ്ങളെയും ഭരണസമിതിയിൽ എത്തിക്കുവാൻ ഭരണകക്ഷിക്ക് നിയമപരമായ തടസ്സങ്ങൾ ഇല്ല. എന്നാൽ പൊതുപ്രവർത്തകരുടെ നിയമനം കൗൺസിലിൽ ഐക്യകണ്ഠേന അംഗീകരിക്കപ്പെടുന്നില്ലാത്ത സാഹചര്യത്തിൽ ഈ വിഭാഗക്കാർക്ക് ഉടനടി ഭരണസമിതിയുടെ ഭാഗമാകുവാൻ കഴിയുകയില്ല. പരമാവധി വിട്ടുവീഴ്ച ചെയ്യ്തിട്ടും മഹാമനസ്കത കാട്ടിയിട്ടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് വിലപേശുകയാണ് എന്ന ആക്ഷേപമാണ് ഭരണ മുന്നണി ഉന്നയിക്കുന്നത്. ന്യായമായ അവകാശങ്ങൾ ലഭിക്കുന്നത് വരെ വിട്ടുവീഴ്ച ഇല്ല എന്ന് മാണി ഗ്രൂപ്പും നിലപാട് എടുത്തിരിക്കുന്നു.
















