ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്‌എ) പരീക്ഷയിൽ തോറ്റ എസ്‌എഫ്ഐ പ്രവര്ത്തകനെ എംഎഫ്‌എയ്ക്ക് പ്രവേശനം നല്കി ബിഎഫ്‌എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത . സർവ്വകലാശാല തീരുമാനം തടഞ്ഞു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇക്കാര്യത്തിൽ വൈസ് ചൻസിലറും, പരീക്ഷാ കണ്ട്രോളറും വിശദീകരണം നല്കണമെന്നും ഗവർണർ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകൾ ഹാജരാക്കാനും വൈസ് ചാൻസിലർക്ക് ഗവർണർ നിർദ്ദേശം നൽകി.
നാലുവർഷ ഡിഗ്രി കോഴ്സ് തോറ്റതുകൊണ്ട് 20 വർഷം മുമ്പ് പഠനം ഉപേക്ഷിച്ച വ്യക്തിയെയാണ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാതെ പി ജി കോഴ്സിന് ചേരാൻ അനുവദിച്ചത്. എ കലേഷ് എന്ന എസ്എഫ്ഐ പ്രവർത്തകരാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായി അഡ്മിഷൻ നേടിയത്. 2023 ഇയാൾ പിജി കോഴ്സ് ജയിച്ചതോടെ പ്രത്യേക കേസ് ആയി വിഷയം പരിഗണിച്ച് ഡിഗ്രി കോഴ്സിൽ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള വിചിത്ര തീരുമാനമാണ് സിൻഡിക്കേറ്റ് കൈക്കൊണ്ടത്.
ബിഎഫ്‌എ പരീക്ഷയുടെ മാര്ക്ക് ലിസ്റ്റുകള് പരിശോധിക്കാതെയാണ് എംഎഫ്‌എയ്ക്ക് കലേഷിന് പ്രവേശനം നല്കിയത്. സര്ട്ടിഫിക്കറ്റുകള് ലഭിക്കാത്തതിനാല് പരീക്ഷാ വിഭാഗം കലേഷിന്റെ എംഎഫ്‌എ പരീക്ഷാ ഫലം കഴിഞ്ഞ രണ്ട് വര്ഷക്കാലമായി പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിന്ഡിക്കറ്റ് യോഗം ചേര്ന്ന് തോറ്റ വിദ്യാര്ഥിയെ ബിഎഫ്‌എ പരീക്ഷ ജയിപ്പിക്കാന് തീരുമാനിച്ചതെന്നാണ് വിവരം.












