മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതല്‍ ലഹരി മരുന്നമായി പിടിയില്‍ ആകുന്നതെന്നും മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെടി ജലീല്‍ എംഎല്‍എ.മദ്രസയില്‍ പോയി പഠിച്ചിട്ടുള്ളവരാണ് ഏറ്റവും കൂടുതല്‍ ലഹരി മരുന്നമായി പിടിയിലാകുന്നത്. പണത്തോടുള്ള അമിതമായ മോഹമാണ് ഇതിനു പ്രധാന കാരണം. ലഹരിക്കടത്തും വിതരണവും ഒരു തെറ്റല്ലെന്ന് അവർ ചിന്തിക്കുന്നു. മദ്രസയില്‍ പോയി ധാർമിക മൂല്യങ്ങളെ കുറിച്ച് പഠിച്ചവർ ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും ജലീല്‍ പറഞ്ഞു.
മലപ്പുറത്ത് നടന്ന പരിപാടിക്കിടെയായിരുന്നു ജലീലിന്റെ വാക്കുകള്‍.മറ്റു മതത്തില്‍ വിശ്വസിച്ച് ജീവിക്കുന്നവർക്കൊന്നും ലഭിക്കാത്ത രീതിയിലുള്ള മതപഠവും ധാർമികബോധവും മുസ്ലീം സമുദായത്തിലെ കുട്ടികള്‍ക്ക് ചെറുപ്പത്തിലേ നല്‍കുന്നുണ്ട്. എന്നിട്ടും ഇവർ എങ്ങനെ വഴി തെറ്റുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. ലഹരി വ്യാപനത്തെ തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
ജലീലിന്റെ വാക്കുകളിലേക്ക്..
“നാമൊരു പഠനം നടത്തണം. MDMA കൈവശം വച്ചതിനും കഞ്ചാവ് കടത്തിയതിനും പിടിയിലാകുന്ന വ്യക്തികളെ പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാകും. അവരെല്ലാവരും മദ്രസകളില്‍ പോയിട്ടുണ്ട്. സത്യത്തില്‍, ധാർമികമായി മുന്നില്‍ നില്‍ക്കേണ്ടവരാണ് മുസ്ലീങ്ങള്‍. കാരണം മുസ്ലീങ്ങളെ പോലെ മതവിദ്യാഭ്യാസവും മതപഠനവും ധാർമികപഠനവും ലഭിക്കുന്ന മറ്റൊരു വിഭാഗം ഈ രാജ്യത്തില്ല. ഹിന്ദു വിഭാഗത്തിലെ കുട്ടികള്‍ക്ക് ഒരുതരത്തിലുള്ള മതവിദ്യാഭ്യാസവും അവരുടെ ചെറുപ്പകാലത്ത് കിട്ടുന്നില്ല. നിങ്ങള്‍ കളവ് നടത്തരുത്, മദ്യപിക്കരുത്, ലഹരി വസ്തുക്കള്‍ കൊണ്ടുനടക്കരുത് എന്നൊന്നും ഒരു പുരോഹിതനും അവരോട് പറഞ്ഞുകൊടുക്കുന്നില്ല. അതിന് അവർക്ക് കഴിയുന്നില്ല, കഴിഞ്ഞിട്ടുമില്ല. മദ്രസയിലോ മതപഠന ക്ലാസുകള്‍ക്കോ പോകാത്ത സഹോദരസമുദായങ്ങള്‍ക്കുള്ള ധാർമിക ബോധം പോലും മദ്രസപഠനം നേടുന്ന മുസ്ലീം സമുദായത്തിലുള്ളവർക്ക് ഉണ്ടാകുന്നില്ല. ഇത് പരിശോധിക്കേണ്ടതാണ്. എന്തോ ഒരു തകരാർ സംഭവിക്കുന്നുണ്ട്. ഇതിനെ വേണ്ടവിധം നേരിട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും.
പണത്തോടുള്ള ആർത്തിയും മോഹവുമാണ് ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ വില്‍ക്കുമ്ബോഴും കാരിയർമാർ ആകുമ്ബോഴും പണം ലഭിക്കുന്നു. സ്വർണം കടത്തുന്നതും പണം ലഭിക്കാൻ വേണ്ടിയാണ്. ഇതൊന്നും തെറ്റല്ലെന്നാണ് മുസ്ലീം സമൂഹം വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ മതസംഘടനകളുടെ ഇടപെടല്‍ നിർബന്ധമായും വേണം. ധനത്തോടുള്ള ആർത്തി അവസാനിപ്പിക്കുക എന്നതാണ് ഇതെല്ലാം തടയാനുള്ള പോംവഴി. മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുന്ന തെറ്റുകളില്‍ നിന്ന് നാം അകന്നുനിന്നേ പറ്റൂ. അത് വളർന്നുവരുന്ന തലമുറയെ നാം പഠിപ്പിക്കണം. – കെടി ജലീല്‍ പറഞ്ഞു.
സ്വർണം കടത്തുന്നതിന്റെ പേരില്‍ പിടിയിലാകുന്നവരില്‍ ധാരാളം മുസ്ലീങ്ങളുണ്ടെന്നും സ്വർണക്കടത്തില്‍ നിന്ന് മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണമെന്നും നേരത്തെ കെ.ടി ജലീല്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മതനേതാക്കള്‍ ഫത്വ പുറപ്പെടുവിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടത് വലിയ വിവാദമാവുകയും ചെയ്തു.

















