പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുത്താല്‍ ലഹരിമരുന്ന് കൈകളിലെത്തിക്കുന്ന കോഴിക്കോട് റൂറല്‍ ജില്ലയിലെ പ്രധാന ലഹരി മാഫിയാ കണ്ണിയും സാമ്പത്തിക ഇടപാടുകളുടെ സൂത്രധാരിയുമായ യുവതി പോലീസ് പിടിയിലായി.കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയെയാണ് (23) വടകര പോലീസും റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പേരാമ്പ്രയിലെ വാടകവീട്ടില്‍നിന്ന് സാഹസികമായി പിടികൂടിയത്. പോലീസ് വലയിലായിട്ടും യാതൊരു കൂസലുമില്ലാതെ പെരുമാറിയ കീര്‍ത്തനയെ വടകര മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ലഹരിമരുന്ന് ആവശ്യമുള്ളവര്‍ ഇടനിലക്കാര്‍ മുഖേന പണം അയച്ചിരുന്നത് കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. പണം എത്തിയതായി ഉറപ്പുവരുത്തിയാല്‍, കീര്‍ത്തന നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച്‌ മാഫിയയിലെ മറ്റ് കണ്ണികള്‍ ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് എം.ഡി.എം.എ. അടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതായിരുന്നു ഇവരുടെ പ്രധാന പ്രവര്‍ത്തനരീതി. പിടിയിലാകാതിരിക്കാന്‍ ലഹരി കൈമാറുന്നവരും പണം സ്വീകരിക്കുന്നവരും രണ്ട് വഴിക്കാണ് നീങ്ങിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കീര്‍ത്തനയുടെ അക്കൗണ്ട് പരിശോധിച്ച്‌ പോലീസ് ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകളാണ് ഈ അക്കൗണ്ടിലൂടെ നടന്നിട്ടുള്ളത്. വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം മേഖലകളിലെ നിരവധി യുവാക്കളും വിദ്യാര്‍ഥികളും കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് വന്‍തുക കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് പണം അയച്ചവരെല്ലാം നിലവില്‍ പോലീസിന്റെ കടുത്ത നിരീക്ഷണത്തിലാണ്.

കഴിഞ്ഞദിവസം രണ്ടു ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ വടകര ആവിക്കല്‍ ബീച്ച്‌ സ്വദേശി സഫാനെയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരി സാമ്രാജ്യത്തിലെ പ്രധാന കണ്ണിയായ കീര്‍ത്തനയെക്കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ലഹരി മാഫിയയുടെ പ്രധാന സാമ്പത്തിക ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നത് കീര്‍ത്തനയാണെന്ന് സഫാന്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന്, പോലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പേരാമ്പ്രയിലെ വാടകവീട്ടില്‍നിന്ന് യുവതിയെ താക്കീത് ചെയ്ത് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായി സ്റ്റേഷനിലെത്തിച്ചിട്ടും യാതൊരു ഭയമോ കൂസലോ ഇല്ലാതെയാണ് കീര്‍ത്തന പോലീസിനോട് പെരുമാറിയത്. ലഹരി മാഫിയയില്‍ കീര്‍ത്തനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കീര്‍ത്തനയുടെ മൊബൈല്‍ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ലഹരി ശൃംഖലയിലെ മറ്റു പ്രധാനികളെയും വരുംദിവസങ്ങളില്‍ ലഹരി വിരുദ്ധ സംഘം വലയിലാക്കുമെന്നാണ് സൂചന.

ഓപ്പറേഷന്‍ തൂഫാനാണ് ഈ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.കീര്‍ത്തനയ്ക്ക് പിന്നിലെ ശക്തികളെ കണ്ടെത്താനും ശ്രമിക്കും. ഇടപാടുകാരില്‍ വിഐപികള്‍ അടക്കമുണ്ട്. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി അന്വേഷണം കൊണ്ടു പോകും. വന്‍ മാഫിയ കീര്‍ത്തനയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക