വിവിധ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്കെതിരെയുളള പോസ്റ്റുകള്‍ നിറയുന്നു. രണ്ടുവട്ടം ശ്രമിച്ചിട്ടും തന്നെ കാണാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി തന്നില്ലെന്നും സതീശന്‍ അഹങ്കാരിയാണെന്നുമുള്ള സുകുമാരന്‍നായരുടെ ആക്‌ഷേപം മുന്‍ നിര്‍ത്തിയാണ് വിമര്‍ശനമുയരുന്നത്.അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി, എന്നാണ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ പ്രധാന പ്രതികരണം. അഹങ്കാരത്തിന് കയ്യും കാലും വച്ചതെന്ന് കേട്ടിട്ടേയുള്ളൂ. അത് ഏറ്റവും കൂടുതല്‍ ചേരുന്നത് സുകുമാരന്‍ നായര്‍ക്ക് ആണ്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബംഗാള്‍ ഗവര്‍ണറായിരുന്ന ഡോ. സി.വി. ആനന്ദബോസിനും ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണനും എന്‍എസ്‌എസ് ആസ്ഥാനത്ത് സന്ദര്‍ശനം നിഷേധിച്ച അഹങ്കാരി അല്ലേ സുകുമാരന്‍ നായര്‍ എന്ന് സന്‌ദേശത്തില്‍ ആരായുന്നു.മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരത്തില്‍ താങ്കളെക്കാള്‍ എത്രയോ താഴെയാണ്. വി ഡി സതീശന് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തിയാണ് കുറിപ്പ് അവസാനിക്കുന്നത്.ഗ്രൂപ്പുകളില്‍ വ്യാപകമായി റീ പോസ്റ്റു ചെയ്യപ്പെടുന്നുണ്ട് ഈ കുറിപ്പ്.
തെരഞ്ഞെടുപ്പ് കാലത്ത് വിഡി സതീശനെ തള്ളി സിപിഎമ്മിനും സർക്കാരിനും അനുകൂലമായ നിലപാടാണ് സുകുമാരൻ നായർ സ്വീകരിച്ചത്. കരയോഗം മീറ്റിങ്ങുകളിൽ പോലും ഈ നിലപാടിനെതിരെ രൂക്ഷ പ്രതികരണങ്ങൾ സമുദായ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇപ്പോൾ സുകുമാരൻ നായർ ഉയർത്തുന്ന ഈ വിമർശനം അനവസരത്തിലുള്ളതാണ് എന്ന വികാരമാണ് നായർ സമുദായ അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നുവരുന്നത്.

















