നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പരോക്ഷമായി വിമർശിച്ച്‌ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ. കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറന്പ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിച്ചപ്പോള്‍ തന്നെ വിവാദങ്ങള്‍ ഉണ്ടായെന്നും എന്നാല്‍, തിരുത്തല്‍ വരുത്താൻ പാർട്ടി നേതൃത്വം തയാറായില്ലെന്നുമുള്ള കടുത്ത വിമർശനമാണു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ പുത്തലത്തു ദിനേശൻ ഉയർത്തുന്നത്. ഇക്കാര്യത്തില്‍ പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വത്തെ മാത്രമല്ല ഇതുവഴി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെത്തന്നെയാണു അദ്ദേഹം പ്രതിക്കൂട്ടില്‍ നിർത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ കാരണങ്ങളെ സംബന്ധിച്ച്‌ സിപിഎം സംസ്ഥാന സമിതിയുടെ റിപ്പോർട്ട് പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്തു. റിപ്പോർട്ട് ചർച്ച ചെയ്തുവരുന്ന ഘട്ടത്തിലായിരുന്നു പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്കും പി. രാജീവും സ്ഥാനാർഥിനിർണയത്തിനെതിരേയും തെരഞ്ഞെടുപ്പിലെ മുദ്രാവാക്യങ്ങളിലെ പാളിച്ചകളെ സംബന്ധിച്ചും പരസ്യമായി രംഗത്തുവന്നത്. സാധാരണയായി സിപിഎമ്മില്‍ നേതാക്കള്‍ പരസ്യമായി ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്താറില്ല. മുൻ മന്ത്രിമാരായ ഇവർക്കു പിന്നാലെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന നേതൃത്വത്തിനു പറ്റിയ പാളിച്ചകള്‍ക്കെതിരേ നിലപാടു സ്വീകരിച്ചു. ഇതോടെ കൂടുതല്‍ പ്രതിരോധത്തിലായതു പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ പിണറായിയുടെ വിശ്വസ്തനായ പുത്തലത്ത് ദിനേശൻകൂടി പരസ്യ വിമർശനവുമായി എത്തിയതോടെ സിപിഎം നേതൃത്വത്തിലെ പോരായ്മകള്‍ കൂടുതല്‍ വെളിപ്പെടുകയാണ്.ശബരിമല ദേവസ്വം ബോർഡ് അയ്യപ്പസംഗമം നടത്തിയപ്പോള്‍ ആർഎസ്‌എസ് പശ്ചാത്തലമുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതു ശരിയായില്ലെന്നു പുത്തലത്ത് ദിനേശൻ സമ്മതിക്കുന്നു.സ്വർണപ്പാളി വിഷയത്തില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജയിലിലായിരിക്കുന്ന സമയത്തു നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടായിരുന്നു. എങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്തു നടപടിയെടുക്കാത്തതു പോരായ്മയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക