എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങിനിടെ വിദ്യാർത്ഥികളെ വേദിയില്‍ പരസ്യമായി അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിജയോത്സവ പരിപാടിയിലായിരുന്നു സംഭവം.
ഹിന്ദിയില്‍ എ പ്ലസ് നേടിയ ചില വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ച ജലീല്‍, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയില്‍ എഴുതാൻ ആവശ്യപ്പെട്ടു. കുട്ടികള്‍ എഴുതുന്നതിനിടെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ, ‘എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ? അക്ഷരമറിയില്ലേ?’ എന്ന് പൊതുവേദിയില്‍ ചോദിച്ച് ശാസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വേദിയിലുണ്ടായിരുന്ന കുട്ടികളുടെ ചെവിയില്‍ നുള്ളുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടികളെ പരസ്യമായി അപമാനിക്കുന്ന ജലീലിന്റെ പെരുമാറ്റം വിവാദമായിരിക്കുകയാണ്.
പരിപാടിക്കിടെ ‘സംസം എന്നാല്‍ എന്താണ് അർഥം?’, ‘പാത്തുമ്മയുടെ ആടില്‍ എന്തിനെക്കുറിച്ചാണ് പറയുന്നത്?’ തുടങ്ങിയ ചോദ്യങ്ങളും വിദ്യാർഥികളോട് അദ്ദേഹം ചോദിച്ചു. തെറ്റായ ഉത്തരം പറഞ്ഞ കുട്ടികളെ പരിഹസിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അനുമോദന വേദിയെ പരീക്ഷാ വേദിയാക്കി മാറ്റുകയും വിദ്യാർഥികളെ പൊതുസമക്ഷം ശാസിക്കുകയും ചെയ്ത നടപടി സാമൂഹികമാധ്യമങ്ങളില്‍ ശക്തമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് എഴുതാൻ കഴിഞ്ഞില്ലെങ്കില്‍ കഴിഞ്ഞ പത്ത് വർഷം ഭരിച്ച സർക്കാരിന്റെയും വിദ്യാഭ്യാസത്തിന്റെയും കുഴപ്പമാണ് എന്ന അഭിപ്രായമാണ് ഉയരുന്നത്.

















