ഇന്ത്യയ്ക്കകത്തും പുറത്തും വേരുകളുള്ള അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ അഞ്ച് മുഖ്യപ്രതികളെ ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പില്‍ അബു താഹിർ (39), ഒറ്റപ്പാലം തൃക്കടീരി വലിയ പറമ്പില്‍ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പില്‍ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതില്‍ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാം തൊടി സഞ്ജയ് പി. (22) എന്നിവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമായി പിടിയിലായത്.
ലഹരി ശൃംഖലയുടെ തലവനായ പ്രധാന പ്രതി അബു താഹിറിനെ ബംഗളൂരില്‍ വെച്ചാണ് പോലീസ് വലയിലാക്കിയത്. പ്രതികളില്‍ നിന്ന് നിർണായക വിവരങ്ങളടങ്ങിയ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വിദേശ യാത്രാ രേഖകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തായ്‌ലൻഡിലെ വിവിധ എയർപോർട്ടുകള്‍ വഴി കേരളത്തിലേക്ക് വിനാശകരമായ ‘ഹൈബ്രിഡ് കഞ്ചാവ്’ എത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ ഉന്നതരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. അതിസങ്കീർണ്ണമായ രീതിയിലായിരുന്നു ഇവരുടെ ലഹരി കടത്ത്.
മുഖ്യപ്രതികളായ അബു താഹിറും ഹരികൃഷ്ണനും ചേർന്ന് കരിയർമാരെ (ഏജന്റുകള്‍) കണ്ടെത്തുന്നു. ഇവർക്ക് തായ്‌ലൻഡിലേക്ക് പോകാനുള്ള വിസയും ടിക്കറ്റും വൻ തുക പ്രതിഫലവും നല്‍കി വിദേശത്തേക്ക് അയക്കും. തിരികെ എത്തുന്ന ഏജന്റുകള്‍ എയർപോർട്ടിന് പുറത്തുവെച്ച് ലഹരിമരുന്ന് സംഘത്തിന് കൈമാറുകയാണ് പതിവ്. തുടർന്ന് കേരളത്തിലെ വിവിധയിടങ്ങളിലെ ഉപഭോക്താക്കളിലേക്ക് ഇത് എത്തിക്കും.
ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ശക്തമായ കാമ്പെയ്ന്റെ തുടർച്ചയായാണ് ഈ അറസ്റ്റ്. കഴിഞ്ഞ ദിവസം 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കല്‍ അഴീക്കല്‍ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടില്‍ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രീഡ് കഞ്ചാവുമായി ആയുഷിനെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് ഇയാള്‍ താമസിച്ചിരുന്ന കുന്നുവഴിയിലെ ഫ്ലാറ്റില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്കി 16 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്. ഈ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്താരാഷ്ട്ര ശൃംഖലയുടെ തലപ്പത്തുള്ളവരിലേക്ക് പോലീസിന് വഴിതുറന്നത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

















