സർക്കാരുകള്‍ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനാവാതെ പ്രതിസന്ധി.സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നല്‍കാത്തതാണ് കാരണം. ഇതോടെ പ്രൈവറ്റ് സെക്രട്ടറി നിയമനം കേവലം സ്റ്റാഫ് നിയമനത്തിന് അപ്പുറമുള്ള രാഷ്ട്രീയ തർക്കങ്ങളിലേക്ക് വഴിമാറുകയാണ്.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മേയ് അവസാന ആഴ്ചയില്‍ തന്നെ മന്ത്രി നിർദ്ദേശിക്കുകയും ഇ-ഓഫീസ് വഴി ശുപാർശ നല്‍കുകയും ചെയ്തിരുന്നു. കെ.സി വേണുഗോപാല്‍ എം.എല്‍.എയായിരുന്നപ്പോള്‍ പി.എ ആയും ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായും പ്രവർത്തിച്ച തിരുവനന്തപുരം സ്വദേശിയാണ് ശരത് ചന്ദ്രൻ. എന്നാല്‍ ഈ ശുപാർശയില്‍ മുഖ്യമന്ത്രി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം വൈകിയതോടെ ബിന്ദു കൃഷ്ണയുടെ ഓഫീസിലെ മറ്റു ജീവനക്കാരുടെ നിയമനവും അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരില്‍ ആറ് പേരുടെ നിയമന ഉത്തരവ് ഇറങ്ങി. എന്നാല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റൊരു മന്ത്രിയായ എം. ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. എക്സൈസ്, സഹകരണം എന്നീ രണ്ട് പ്രധാന വകുപ്പുകളും ഒരുമിച്ച്‌ കൈകാര്യം ചെയ്യാൻ പ്രാപ്തനായ ഒരാളെ കണ്ടെത്താൻ സാധിക്കാത്തതാണ് ഇതിന് കാരണം. മന്ത്രി ഒ.ജെ ജനീഷ്, എ.പി അനില്‍കുമാർ എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ നിയമന ഉത്തരവുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ജോലിയില്‍ പ്രവേശിച്ച ചില പേഴ്സണല്‍ സ്റ്റാഫുകളുടെ പേരുകള്‍ ബന്ധപ്പെട്ട മന്ത്രിമാർ ഇതുവരെ ഔദ്യോഗികമായി ശുപാർശ ചെയ്യാത്തതിനെ തുടർന്ന് ഇവരുടെയും നിയമന ഉത്തരവുകള്‍ വൈകുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക