വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും ആഗോള കപ്പല്‍ കമ്പനിയായ എം.എസ്.സി.യും (MSC) തമ്മില്‍ ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദവും വാക്‌പോരും കടുക്കുന്നു.സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി അദാനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും അദാനി ഇവിടെ സൂപ്പര്‍ ഗവണ്‍മെന്റല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ന്യൂഡല്‍ഹിയില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചതിന് തൊട്ടുപിന്നാലെ, കരാറില്‍ സര്‍ക്കാരന്റെ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി മുന്‍കൂര്‍ കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അദാനി പോര്‍ട്‌സ് മാനേജ്‌മെന്റിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായതെന്നും സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഓര്‍മ്മിപ്പിച്ചു. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും സര്‍ക്കാര്‍ ഇതില്‍ തുടര്‍ നിലപാട് സ്വീകരിക്കുക. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി ഇക്കാര്യം വിശദമായി പഠിക്കും. രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. സംസ്ഥാനത്തിന്റെ താല്‍പര്യം പൂര്‍ണ്ണമായി സംരക്ഷിച്ച് വിഴിഞ്ഞത്തെ ആഗോള ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം, ഈ ഓഹരി ഇടപാടിനെതിരെ കടുത്ത അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി അദാനി ഗ്രൂപ്പ് വെറും 2454 കോടി രൂപ മാത്രം മുടക്കിയപ്പോള്‍, എം.എസ്.സി.യുമായുള്ള ഈ ഒരൊറ്റ ഓഹരി കച്ചവടത്തിലൂടെ അദാനിയുടെ കൈകളിലേക്ക് എത്തുന്നത് 13,220 കോടി രൂപയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുടക്കിയതിന്റെ പല ഇരട്ടി തുകയാണ് അദാനിയുടെ കീശയിലെത്തുന്നത്. 25 ശതമാനത്തിലേറെ ഓഹരി കൈമാറാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിയമം നിലനില്‍ക്കെ അത് മറികടന്നാണ് അദാനി ഇടപാട് നടത്തിയത്.
ഓഹരി കൈമാറ്റ വിവരം സര്‍ക്കാര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് ആരോപിച്ച പിണറായി വിജയന്‍, അദാനിയുടെ ഈ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. എം.എസ്.സി വന്നാല്‍ വിഴിഞ്ഞത്ത് വിദേശ കമ്പനിയുടെ ആധിപത്യം ഉണ്ടാകുമെന്നും കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊയ്ത്തിന് സര്‍ക്കാര്‍ കുടപിടിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ പിണറായി വിജയന്റെ വിമര്‍ശനം ചൂണ്ടിക്കാണിച്ചപ്പോള്‍, ‘അദ്ദേഹം തന്റെ പേര് മറന്നില്ലല്ലോ, ഓര്‍ക്കുന്നുണ്ടല്ലോ’ എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ മറുപടി.
വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ വിശദീകരണവുമായി അദാനി ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെയോ അതിന്റെ ഭൂമിയുടെയോ ഓഹരിയല്ല, മറിച്ച് തുറമുഖം നടത്താനായി അദാനി രൂപീകരിച്ച ‘അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഓപ്പറേറ്റിംഗ് കമ്പനിയുടെ 49% ഓഹരികളാണ് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടി.ഐ.എല്ലിന് കൈമാറാന്‍ തീരുമാനിച്ചതെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.
തുറമുഖവും കടലുമെല്ലാം പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെയായിരിക്കും. സാങ്കേതികമായി ഇവിടെ കരാര്‍ ലംഘനം നടന്നിട്ടില്ലെന്നും, വാണിജ്യ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞാല്‍ 74 ശതമാനം വരെ ഓഹരി വില്‍ക്കാന്‍ കരാറനുസരിച്ച് അവകാശമുണ്ടെന്നുമാണ് അദാനി വ്യക്തമാക്കുന്നത്.
2024 ഡിസംബര്‍ 24-നാണ് തുറമുഖത്ത് വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ നടത്തിയത് പ്രാഥമിക ധാരണ മാത്രമാണെന്നും, നിയമപരമായി ഓഹരി കൈമാറാന്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിനും വിസില്‍ (VISL) എംഡിക്കും ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. പുതിയ പങ്കാളി വന്നാലും 2035 മുതല്‍ വരുമാന വിഹിതം സംസ്ഥാനത്തിന് നല്‍കണമെന്നതടക്കമുള്ള ഒരു വ്യവസ്ഥയിലും മാറ്റമുണ്ടാകില്ലെന്നും അവര്‍ അവകാശപ്പെടുന്നു.

















